2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓണവും മരണവും

'എട്ട്യാടിയില്‍' , അതായിരുന്നു എന്‍റ്റെ അമ്മയുടെ തറവാട്‌ . വളരെ വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന അവിടെ പല തലമുറകള്‍ ജനിച്ച്‌ ജീവിച്ച്‌ മരിച്ചിരിക്കുന്നു . എന്‍റ്റെ ഓര്‍മകളില്‍ ഇപ്പൊഴും സജീവസാന്നിധ്യമായ ആ തറവടിനെ കുറിച്ച്‌ എനിക്ക്‌ ഒരു പാട്‌ കഥകള്‍ പറയാനുണ്ട്‌ . ആദ്യമേ പറയെട്ടെ , ആ വീട്‌ ഇന്ന്‌ വെറും ഒരോര്‍മ മാത്രമാണ്‌ . പട്ടണത്തിന്‍റ്റെ വളര്‍ച്ചയില്‍ ഭൂമിയുടെ വില ഉയരുകയും , നഗരജീവിതം നരകമാവുകയും ചെയ്ത അവസ്ഥയും ,കൂട്ടുകുടുംബത്തില്‍ നിന്നു അണുകുടുംബത്തിലേക്കുള്ള പരിണാമവും എന്‍റ്റെ അമ്മയുടെ തറവാടും അതിനോടനുബന്ധിച്ചുള്ള പറമ്പും നാലു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വില്‍പന നടത്തിയിരിക്കുന്നു .കുറച്ച്‌ മുന്‍പ്‌ വരെ ഒരു സ്മാരകം പോലെ ആ വീട്‌ അവിടെയുണ്ടായിരുന്നു . ഇപ്പോള്‍ കല്ലും , മരവും , ഉത്തരവും ,കഴുക്കോലും , മച്ചും , ഓടും എല്ലാം പൊളിച്ചു മാറ്റിയിരിക്കുന്നു . എന്‍റ്റെ അമ്മയുടെ തറവാട്‌ മാത്രമല്ല അതിന്‌ സമീപമുള്ള വീടുകളും അവിടെ നിന്ന്‌ മാറ്റപെട്ടുകൊണ്ടിരിക്കുകയാണ്‌ .

'എട്ട്യാടിയില്‍' തറവാട്ടിലെ അംഗങ്ങളുടെ മരണത്തിന്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു . എന്‍റ്റെ ഓര്‍മയില്‍ അവിടെ മരിച്ചവര്‍ അധികവും ഓണത്തിനോടനുബന്ധിച്ച ദിവസങ്ങളിലായിരുന്നു . ഓര്‍ക്കുമ്പോള്‍ മനസ്സിലിപ്പോഴും നൊമ്പരമായി നില്‍കുന്നത്‌ ഞാനും ദൃക്സാക്ഷിയായിട്ടുള്ള ഒരു മരണമായിരുന്നു . ഉണ്ണി ആപ്പന്‍റ്റെ മരണം , എന്‍റ്റെ അമ്മയുടെ അച്ചന്‍റ്റെ ഏട്ടന്‍റ്റെ മകനായിരുന്നു ഉണ്ണീയാപ്പന്‍ . വകയിലെന്‍റ്റെ മാമനായിരുന്നെങ്കിലും ഉണ്ണിയാപ്പെന്‍റ്റെ ഏട്ടന്‍റ്റെ മക്കള്‍ വിളിക്കുന്നത്‌ കേട്ട്‌ ഞാനും ആപ്പന്‍* എന്നാണ്‌ വിളിക്കാറുള്ളത്‌ . ഒരു തിരുവോണദിവസത്തിന്‍റ്റെ തലേന്ന്‌രാത്രി ഞങ്ങള്‍ പൂക്കളമൊരുക്കുന്നതിനായ്‌ കോലായില്‍ കളം വരക്കുകയായിരുന്നു .രാത്രി ഏകദേശം ഒന്‍പത്‌ മണിയായികാണും , ഞാനും എന്‍റ്റെ സഹോദരിമാരും മാമന്‍റ്റെ മക്കളും എല്ലവരും ഉണ്ടായിരുന്നു . പൂക്കളത്തെ പറ്റി ഓരോരുത്തരും ഓരൊ അഭിപ്രായങ്ങള്‍ പറയുന്നുണ്ടായിരുന്നു . ഒരു ഭാഗത്ത്‌ പിറ്റെദിവസത്തേക്ക്‌ വേണ്ട പൂക്കള്‍ ഉതിര്‍ത്ത്‌ വെക്കുന്നുണ്ടായിരുന്നു . ഉണ്ണിയാപ്പന്‍ കോലായിലെ ബെഞ്ചില്‍ ഇരുന്ന്‌ ഞങ്ങള്‍ കളം വരക്കുന്നത്‌ നോക്കികൊണ്ടിരിക്കുകയായിരുന്നു . പെട്ടെന്ന്‌ ഇരുന്ന ഇരുപ്പില്‍ ഒരുവശത്തേക്ക്‌ മറിഞ്ഞ്‌ വീണു , ബെഞ്ചില്‍ തൊട്ടടുത്തിരുന്ന്‌ പൂവ്‌ ഉതിര്‍ത്തുകൊണ്ടിരുന്ന ഉണ്ണിയാപ്പന്‍റ്റെ മകളുടെ ദേഹത്ത്‌ തന്നെയായിരുന്നു മറിഞ്ഞ്‌ വീണത്‌ . 'എന്‍റ്റെ അച്ചന്‍' , എന്ന ഉച്ചത്തിലുള്ള നിലവിളി കേട്ട ഞങ്ങള്‍ കാണുന്നത്‌ ബോധമില്ലതെ ബെഞ്ചില്‍ മറിഞ്ഞ്‌ വീണ്‌ കിടക്കുന്ന ഉണ്ണീയാപ്പനെയായിരുന്നു . വീട്ടിലുള്ള എല്ലാവരും ഓടിവന്നു , ഉണ്ണിയാപ്പനെ കുലുക്കിവിളിച്ചു , പക്ഷെ യാതൊരു ചലനവും ഉണ്ടായിരുന്നില്ല . അപ്പൊഴത്തേക്കും തൊട്ടടുത്തുള്ള വീട്ടില്‍നിന്നല്ലാം ആളുകള്‍ എത്തിയിരുന്നു . പെട്ടെന്ന്‌ തന്നെ ഒരു കാറ്‌ വിളിച്ച്‌ ഉണ്ണീയാപ്പനെ അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ട്പോയി . ഉതിര്‍ത്തിട്ട പൂക്കളെല്ലാം എടുത്ത്‌ ഞങ്ങള്‍ കാരണോം മാരുടെ** അകത്ത്‌ വച്ചു .

കുറച്ച്‌ സമയം കഴിഞ്ഞപ്പോഴേക്കും ആശുപത്രിയില്‍ പോയവരില്‍ ചിലര്‍ മടങ്ങിവന്നു . കോലായിലും , മുറ്റത്തും ആളുകള്‍ അടുക്കിപിടിച്ച്‌ സംസാരിക്കുന്നുണ്ടായിരുന്നു . ഉണ്ണിയാപ്പന്‍ മരിച്ചുപോയിരിക്കുന്നു . പിന്നെ വീട്ടില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു . ആരൊക്കെയോ പടിഞ്ഞിറ്റകം*** അടിച്ച്‌ വൃത്തിയാക്കി പായ്‌വിരിച്ച്‌ അതില്‍ വെള്ളത്തുണി വിരിച്ചിരിക്കുന്നു . കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരാംബുലന്‍സ്‌ വന്നു , അതില്‍ നിന്നും ഉണ്ണിയാപ്പന്‍റ്റെ ചേതനയറ്റ ശരീരം ആരൊക്കെയോ ചേര്‍ന്ന്‌ സ്റ്റ്രച്ചറില്‍ എടുത്ത്‌ പടിഞ്ഞിറ്റകത്ത്‌ കിടത്തി . ഏതാനും സമയം മുന്‍പ്‌ കോലായില്‍ ഞങ്ങളുടെ അടുത്തിരുന്ന ഉണ്ണിയാപ്പന്‍ മരിച്ച്‌ പോയിരിക്കുന്നു എന്ന സത്യം ഉള്‍കൊള്ളാന്‍ എനിക്ക്‌ കഴിഞ്ഞില്ല .ഹൃദയസ്തംഭനമായിരുന്നു മരണകാരണം . മരിക്കുന്നതിന്‌ തൊട്ട്‌ മുന്‍പുവരെ ഞങ്ങളുടെ അരികത്തുള്ള ഉണ്ണിയാപ്പന്‍റ്റെ മനസ്സിലെ ചിന്തകള്‍ അപ്പോള്‍ എന്തായിരുന്നു , എന്തെങ്കിലും ശാരീരികാസ്വസ്ഥ്യം അപ്പോള്‍ ഉണ്ടായിരുന്നൊ ? , ആരോടും ഒന്നും പറയാതെ വേദന സഹിച്ചിരുന്നതാണോ?,ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാമായിരുന്നു . ഒരു പക്ഷെ അപ്പോള്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നിങ്ങനെയുള്ള ചിന്തകള്‍ എന്‍റ്റെ മനസ്സിനെ വല്ലാതെ വ്യാകുലപെടുത്തി . എന്തുപറയാം , ഉണ്ണിയാപ്പന്‍റ്റെ മരണസമയം അതായിരിക്കാം . അങ്ങനെ ഓണവുമായി ബന്ധപെട്ട്‌ വീണ്ടും ഒരു മരണം നടന്നിരിക്കുന്നു . 'നാളെ നമ്മള്‍ക്ക്‌ പൂവിടാമോ'? എന്ന മാമെന്‍റ്റെ എട്ടുവയസ്സുകാരനായ മകന്‍റ്റെ ചോദ്യത്തിന്‌ 'ഇല്ല' എന്ന എന്‍റ്റെ മറുപടി അവനെ നിരാശപെടുത്തിയുട്ടുണ്ടെന്ന്‌ എനിക്ക്‌ തോന്നി . കുഞ്ഞുമനസ്സുകള്‍ക്ക്‌ എപ്പോഴും ആഘോഷിക്കാനും , ആഹ്ളാദിക്കാനും മാത്രമെ കഴിയൂ , ദു:ഖിക്കാന്‍ അവര്‍ക്കാവില്ലല്ലോ .


* അച്ചന്‍റ്റെ ഏട്ടനെയൊ , അനുജനെയോ ആണ്‌ ആപ്പന്‍ എന്ന്‌ വിളിക്കുന്നത്‌ . അമ്മയുടെ ആങ്ങളമാരെ മാമന്‍ അല്ലെങ്കില്‍ അമ്മാമന്‍ എന്നു വിളിക്കുന്നു .
** എന്‍റ്റെ അമ്മയുടെ തറവാട്ടില്‍ കോലായയുടെ തെക്കേ അറ്റത്ത്‌ മരിച്ച്‌പോയ കാരണവന്‍മാരെ ആവാഹിച്ച്‌ കുടിയിരുത്തിയ ഒരു മുറിയുണ്ട്‌ . അതിനെ കാരണോം മാരുടെ അകം എന്നാണ്‌ ഞങ്ങള്‍ വിളിക്കുന്നത്‌ .
*** തെക്കേ ഭാഗത്തുള്ള മുറിയുടെയും , വടക്കേ ഭാഗത്തുള്ള മുറിയുടെയും , പടിഞ്ഞാറു ഭാഗത്തുള്ള മുറിയുടെയും നടുവില്‍ വരുന്ന മുറി .

അഭിപ്രായങ്ങളൊന്നുമില്ല: