2008, ഡിസംബർ 10, ബുധനാഴ്‌ച

ഓര്‍ക്കുക നീ എന്നെ


ഓര്‍ക്കുക , നീയെന്നെ ഒരു നക്ഷത്രമായ്‌
നീലനഭസ്സില്‍ ഇരുള്‍വീഴുമ്പോള്‍വിരിയുമൊരായിരം
നക്ഷത്രങ്ങളിലൊന്നായ്‌ .
ഓര്‍ക്കുക , നീയെന്നെ ഒരു നിലാവായ്‌
പകല്‍ മായുമ്പോള്‍ ഇരുളിന്‌
കുളിരേകുമൊരുകുളിര്‍ നിലാവായ്‌ .
ഓര്‍ക്കുക , നീയെന്നെ ഒരു മഴയായ്‌
വരണ്ടമണ്ണിന്‌ കുളിരേകി
തിമര്‍ത്ത്‌പെയ്യുമൊരു പെരുമഴയായ്‌ .
ഓര്‍ക്കുക , നീയെന്നെ ഒരു പുഴയായ്‌
കാടും , മലകളും കടന്ന്‌ ശാന്തമായ്‌കടലില്‍
ചേരുമൊരു പുഴയായ്‌ .
ഓര്‍ക്കുക നീയെന്നെ ഒരു തെന്നലായ്‌
നിന്‍റ്റെ മുറിയുടെ ജാലകം കടന്ന്‌ നിന്നെ
വന്ന്‌ ഉമ്മവെക്കുമൊരു തെന്നലായ്‌ .

2008, നവംബർ 17, തിങ്കളാഴ്‌ച

പരശുരാം എക്സ്പ്രസ്സ്‌ / Parasuram express


വണ്ടി സ്റ്റേഷനില്‍ കൃത്യസമയത്ത്‌ തന്നെ എത്തി . എന്‍റ്റെ ഓര്‍മ്മയില്‍ വളരെ അപൂര്‍വമായി മാത്രമെ പരശുരാം എക്സ്പ്രസ്സ്‌ വൈകി വന്നിട്ടുള്ളു . കണ്ണൂര്‌ , തലശ്ശേരി , വടകര , കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോടും അതിന്‌ സമീപമുള്ള പ്രദേശങ്ങളിലും ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും പരശുരാം എക്സ്പ്രസ്സിനെയാണ്‌ ആശ്രയിക്കുന്നത്‌ . രാവിലെ നാലര മണിക്ക്‌ മംഗലാപുരത്ത്‌ നിന്ന്‌ തുടങ്ങുന്ന യാത്ര വൈകുന്നേരം ഏഴ്‌ മണിയോടെ തിരുവനന്തപുരത്ത്‌ അവസാനിക്കുന്നു . ദിനംപ്രതിയുള്ള ആ യാത്രയില്‍ എത്രയെത്ര സംഭവങ്ങള്‍ക്ക്‌ പരശുരാം എക്സ്പ്രസ്സ്‌ സാക്ഷി ആയിട്ടുണ്ട്‌ .

ഞങ്ങള്‍ പതിവായി രണ്ടാമത്തെ കമ്പാര്‍ട്ട്മെന്‍റ്റിലാണ്‌ യാത്ര ചെയ്യാറുള്ളത്‌ , മറ്റ്കമ്പാര്‍ട്ട്മെന്‍റ്റുകളെ അപേക്ഷിച്ച്‌ ആദ്യത്തെ ഒന്ന്‌രണ്ട്‌ കമ്പാര്‍ട്ട്മെണ്റ്റുകളില്‍ തിരക്ക്‌ അത്രയുണ്ടാകാറില്ല . പക്ഷെ സമീപകലങ്ങളിലായി ഈകമ്പാര്‍ട്ട്മെണ്റ്റുകളിലും തിരക്ക്‌ കൂടിയിട്ടുണ്ട്‌ . 'വേഗംവാ , സീറ്റൊഴിവുണ്ട്‌' എന്ന്‌ എന്‍റ്റെ സുഹൃത്ത്‌ പറയുന്നത്‌ കേട്ട്‌ ധൃതിയില്‍ ഞാന്‍ വണ്ടിയില്‍ കയറി , എന്‍റ്റെ യാത്രയില്‍ ഇതുവരെയും ഞാന്‍ പരശുരാം എക്സ്പ്രസ്സില്‍ രാവിലെ ഇരുന്ന്‌ യാത്രചെയ്തിട്ടില്ല . പലദിവസങ്ങളിലും ഒറ്റകാലില്‍ നിന്ന്‌ കൊണ്ട്‌ ഒരു കൊക്കിനെ പോലെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്‌ . വണ്ടിയില്‍ കയറിയപ്പോള്‍ പതിവ്‌ പോലെ തിരക്ക്‌ തന്നെ , പിന്നെയെങ്ങനെ സീറ്റൊഴിവുണ്ടാകും ഞാന്‍ ആലോചിച്ചു . 'അവിടെ ഒരു ശവം കിടക്കുന്നുണ്ട്‌ ' യാത്രക്കരില്‍ ഒരാള്‍ പറഞ്ഞു . എന്‍റ്റെ സുഹൃത്തിന്‍റ്റെ നിര്‍ബനധത്തിന്‌ വഴങ്ങി ഞാനും ആരാണതെന്ന്‌ നോക്കാന്‍ യാത്രക്കരുടെ ഇടയിലൂടെ അവിടേക്ക്‌ ചെന്നു . ഒരു വൃദ്ധന്‍റ്റെ ശവശരീരം പകുതിഭാഗം സീറ്റിലും പകുതിഭാഗം താഴെയുമായി കിടക്കുന്നു . എകദേശം എഴുപത്‌വയസ്സിനടുത്ത്‌ പ്രായം കാണും , ശരീരത്തില്‍ ഒരു മുണ്ട്‌ മാത്രമെയുള്ളു , ശോഷിച്ച ശരീരത്തില്‍ നെഞ്ചിന്‍ കൂട്‌ പുറത്ത്‌ കാണുന്നുണ്ട്‌ , അതിനുള്ളില്‍ ഭദ്രമായി സൂക്ഷിക്കപെട്ട ഹൃദയം എവിടെ വെച്ചൊനിലച്ച്പോയിരിക്കുന്നു .പതിവ്‌ യത്രക്കാര്‍ എല്ലാവരും അവിടെയുണ്ടായിരുന്നു . സാധരണപോലെ എല്ലാവരും അവരുടെതായലോകത്തായിരുന്നു . ഒന്നും സംഭവിക്കാത്തമട്ടില്‍ .

മരണത്തിന്‌ പലമുഖങ്ങളും ഉണ്ട്‌ . തൊട്ടടുത്ത്‌ സംഭവിച്ച മരണത്തില്‍ ആരും വ്യാകുലപെടുന്നില്ല , ഒരുപക്ഷെ അഞ്ജാതനായതുകൊണ്ടായിരിക്കാം . ഉറ്റവരുടെ മരണത്തില്‍ മാത്രമെ എല്ലവരും ദു:ഖിക്കാറുള്ളു എന്നതാണ്‌ സത്യം .ഏതാനും സമയങ്ങള്‍ക്ക്‌ മുന്‍പ്‌ വൃദ്ധന്‍റ്റെ ശരീരം ഉപേക്ഷിച്ച്‌ പോയ ആത്മാവ്‌ പരശുരാം എക്സ്പ്രസ്സിലെ തിരക്കിനിടയില്‍ കൂടി പുറത്ത്കടക്കാനാവാതെ അവിടെതന്നെ ചുറ്റിതിരിയുന്നുണ്ടായിരുന്നു . ഇഹലോകത്തില്‍ നിന്നും പരലോകത്തേക്കുള്ള യാത്രയില്‍ പരശുരാം എക്സ്പ്രസ്സിലെ തിരക്ക്‌ ആദ്യത്തെ അനുഭവമായിരുന്നു . യാത്രക്കാരെയെല്ലാം സസൂഷ്മം നിരീക്ഷിച്ച്‌ സര്‍വ്വസ്വതന്ത്രനായി അവിടെ തന്നെ നിന്ന ആത്മാവ്‌ അത്ഭുദപെടുകയായിരുന്നു , ഈനിമിഷമോ പിന്നീടെപ്പോഴൊ മരണം എനിക്കും സംഭവിക്കാം എന്നറിഞ്ഞിട്ടും മരണത്തെ ഭയപെടാതെ നില്‍കുന്ന മനുഷ്യാ നീ ധൈര്യശാലി തന്നെ . മൃതദേഹത്തിന്‌ മുന്‍പിലുള്ള സീറ്റില്‍ ആറ്‌ പേര്‍തിങ്ങിയിരുന്ന്‌ യാത്രചെയ്യുന്നുണ്ടായിരുന്നു , അതില്‍ രണ്ട്‌ യുവഹൃദയങ്ങള്‍ , അവര്‍ കമിതാക്കളായിരുന്നു . പ്രണയത്തിന്‍റ്റെ ഊഷ്മളതയില്‍ മരണമെന്ന സത്യത്തിനെ അവര്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു . പ്രണയത്തിന്‌ ഒരു പക്ഷെ മരണമില്ലായിരിക്കാം . (പരശുരാം എക്സ്പ്രസ്സില്‍ എത്രയൊ കമിതാക്കള്‍ യാത്ര ചെയ്യുന്നു , വണ്ടിയില്‍ തിങ്ങിഞ്ഞെരുങ്ങി യാത്രചെയ്യുമ്പോള്‍ ബോറടിമാറ്റാന്‍ ഒരു മണിക്കൂറ്‍ നേരത്തേക്ക്‌ മാത്രമായുള്ള പ്രണയം ) മറ്റൊരു യാത്രക്കാരന്‍ വളരെകാര്യമായി ഏതൊ ഒരു പുസ്തകത്തില്‍ മുഴുകിയിരിക്കുന്നു . പുസ്തകത്തിലെ വരികളിലൂടെ അയാളുടെ മനസ്സ്‌ ഒഴുകി നടക്കുകയാണ്‌ , മുന്നിലുള്ള മരണത്തില്‍ നിന്നും അയാള്‍ അയാളുടെ മുഖത്തെ ഒരു പക്ഷെ ഒളിപ്പിക്കുകയാവും . മരണത്തോടൊപ്പം ആരും ഒന്നും കൊണ്ടുപോകുന്നില്ല , എല്ലം ഈ ഭൂമിയില്‍ ഉപേക്ഷിച്ച്‌ പോകുന്നു , പക്ഷെ ഒന്നു മാത്രം അതു വരെ നേടിയ വിജ്ഞാനം ശരീരത്തോടൊപ്പം സ്വന്തം ശവക്കുഴിയില്‍ അടക്കം ചെയ്യപെടുന്നു . ഏതൊ നട്ടപാതിരയാണെന്ന മട്ടില്‍ വേറൊരാള്‍ ഇരുന്നുറങ്ങുന്നു . തിങ്ങിഞ്ഞെരുങ്ങിയുള്ള യാത്ര അയാളുടെ ഉറക്കത്തെ അലോസരപെടുത്തുന്നെ ഇല്ലായിരുന്നു ,ഇടയ്ക്ക്‌ അയാളുടെ കൂര്‍ക്കം വലി കേള്‍ക്കാമായിരുന്നു . ശ്വാസം കഴിക്കുന്നതിനനുസരിച്ച്‌ അയാളുടെ കുടവയര്‍ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു . അയാളുടെ മനസ്സ്‌ ഏതാനും സമയത്തേക്ക്‌ മരിച്ചിരുന്നു . ഉറക്കമെന്നത്‌ ഓര്‍മകളുടെയും , ചിന്തകളുടെയും മരണമാണ്‌ , കേവലം ഏതാനും സമയത്തേക്ക്‌ മാത്രമായുള്ള മരണം .

പരശുരാം എക്സ്പ്രസ്സ്‌ കോഴിക്കൊട്‌ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു . യാത്രക്കരില്‍ പകുതിയോളം പേര്‍ അവിടെ ഇറങ്ങിയിരിക്കുന്നു . വൃദ്ധന്‍റ്റെ ചേതനയറ്റ ശരീരം സ്റ്റ്രക്ചറില്‍ പുറത്തേക്ക്‌ എടുത്ത്‌ പ്ളേറ്റ്ഫോമില്‍ കിടത്തി , അവിടെ കാത്തുനിന്ന പോലിസ്‌ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതിന്‌ ശേഷം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി . തിരക്കൊഴിഞ്ഞപ്പോള്‍ പുറത്തേക്ക്‌ വന്ന ആത്മാവ്‌ പരശുരാം എക്സ്പ്രസ്സിനെ നോക്കി മന്ദഹസിച്ചു . "പ്രിയ യാത്രക്കാരെ നിങ്ങള്‍ നിര്‍ഭാഗ്യവാന്‍മാര്‍ , നിങ്ങള്‍ക്ക്‌ ജീവനുണ്ട്‌ " . പരശുരാം എക്സ്പ്രസ്സ്‌ വീണ്ടും യാത്ര തുടര്‍ന്നു .

2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

താജ്‌ നീയെത്ര സുന്ദരി

താജ്‌ മഹലിനെ സുന്ദരിയെന്ന്‌ വിളിക്കാമോ എന്നറിയില്ല , എങ്കിലും ഷാജഹാന്‍ ഭാര്യയായ മുംതാസിന്‍റ്റെ ഓര്‍മയ്ക്കായ്‌ പണികഴിപ്പിച്ചതും മുംതാസിന്‍റ്റെ ഭൌതികശരീരം അടക്കം ചെയ്തിട്ടുള്ളതുമായ വെണ്ണക്കല്ലില്‍ യമുന നദിയുടെ തീരത്ത്‌ പണിതുയര്‍ത്തിയ സ്നേഹകുടീരത്തെ ഒരു സ്ത്രീയായി സങ്കല്‍പിക്കാനാണ്‌ എനിക്കിഷ്ടം . വര്‍ഷങ്ങളായി ചിത്രങ്ങളിലൂടെയും , പുസ്തകങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ താജ്‌ മഹല്‍ നേരിട്ട്കാണുക എന്ന ഭാഗ്യം ഈയടുത്താണ്‌ എനിക്ക്‌ കൈവന്നത്‌ .

പ്രധാനകവാടത്തിലൂടെ ഉള്ളിലേക്ക്‌ പ്രവേശിച്ചാല്‍ മുന്നില്‍ പ്രത്യക്ഷമാകുന്ന താജ്‌ മഹല്‍ മനസ്സിനെ കുളിരണിയിക്കുന്നതും , കണ്ണിനെ അത്ഭുതപരതന്ത്രമാക്കുന്നതുമാണ്‌ . പ്രധാനകവാടത്തില്‍നിന്നും കുറച്ചകലയായ്‌ സ്ഥിതിചെയ്യുന്ന താജ്‌ മഹലിന്‍റ്റെ സൌന്ദര്യം കണ്ണുകളില്‍ ആവാഹിച്ച്‌ കുറച്ച്‌ നേരം അവിടെ നിന്നപ്പോള്‍ മണ്‍മറഞ്ഞ്പോയ മുഗള്‍ചക്രവര്‍ത്തിമാരെ കുറിച്ചും അവര്‍ ജീവിച്ച കാലഘട്ടത്തെ കുറിച്ചും പലതും ഓര്‍ത്തുപോയി . ഷാജഹാന്‍ ചക്രവര്‍ത്തിയുടെ രണ്ടാമത്തെ ഭാര്യയായ മുംതാസ്‌ പതിനാലാമത്തെ കുഞ്ഞിന്‌ ജന്‍മം നല്‍കുന്ന വേളയില്‍ മരണപെട്ടത്‌ ഷാജഹാനെ അതീവ ദു:ഖിതനാക്കിയിരുന്നു , തന്‍റ്റെ പ്രിയതമയുടെ ഓര്‍മയ്ക്ക്‌ നീണ്ട ഇരുപത്തിരണ്ട്‌ വര്‍ഷം ഇരുപതിനായിരത്തോളം പേര്‍ കഠിനാദ്ധ്വാനം ചെയ്ത്‌ പണിതീര്‍ത്ത ശവകുടീരം ലോകസപ്താത്ഭുദങ്ങളില്‍ ഒന്നായിതീര്‍ന്നതില്‍ ഒരു തര്‍ക്കത്തിനും അവസരമില്ല . അത്രയ്‌ക്കും മനോഹരിയായിരുന്നു താജ്‌ .

പതിനെട്ട്‌ വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ , മരണസമയത്ത്‌ ഷാജഹാന്‍ മുംതാസിനോട്‌ പറഞ്ഞു "ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെന്ന്‌ എങ്ങനെ നിന്നെ വിശ്വസിപ്പിക്കും" . മറുപടിയായി മുംതാസ്‌ മഹല്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു ."വീണ്ടും താങ്കള്‍ വിവാഹം കഴിക്കാതിരിക്കുക , മക്കളെ ശ്രധ്ദിക്കുക". ചരിത്രകാരന്‍മാര്‍ പലതും പറഞ്ഞിട്ടുണ്ട്‌ , വാസ്തവം എന്തെന്ന്‌ ആര്‍ക്കറിയാം . ആഗ്ര സന്ദര്‍ശനവേളയില്‍ ടൂറിസ്റ്റ്‌ ഗൈഡുകളില്‍നിന്നും മുഗള്‍ ചക്രവര്‍ത്തിമാരെ കുറിച്ചറിഞ്ഞതില്‍ കൂടുതലും സ്ത്രീകളോടുള്ള അവരുടെ അഭിനിവേശവും , വൈന്‍ പോലുള്ള ലഹരികളോടുള്ള ആസക്തിയെകുറിച്ചുമായിരുന്നു . ആഗ്ര ഫോര്‍ട്ടിലുള്ള 'മീനാബസാറില്‍' മാസത്തില്‍ ഒരിക്കല്‍ മാത്രം രാജകുടുംബത്തിലുള്ളതും കുലീനയായ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്നതുമായ വാങ്ങല്‍ വില്‍പന മേളയില്‍ പുരുഷന്‍മാര്‍ക്കാര്‍ക്കും തന്നെ പ്രവേശനമില്ലെങ്കിലും മഹാനായ അക്ബര്‍ ചക്രവര്‍ത്തി വേഷ പ്രച്ചന്നനായി ബസാറിലുണ്ടാവും , അങ്ങനെ അവിടെയുള്ള സ്ത്രീകളുടെ സൌന്ദര്യം ആസ്വദിക്കുകയും ഇഷ്ടപെട്ടവരെ സ്വന്തമാക്കുകയും ചെയ്യുമായിരുന്നു . അതുകൊണ്ട്‌ രജപുത്രര്‍ തങ്ങളുടെ പെണ്ണുങ്ങളെയും പെണ്‍കുട്ടികളെയും 'മീനാബസാറില്‍' അയക്കാറില്ലായിരുന്നുവത്രെ .

സ്ത്രീകളെ യഥേഷ്ടം സ്വന്തമാക്കാന്‍ കഴിയുന്ന മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന ഷാജഹാന്‌ എങ്ങനെ മുംതാസ്‌ മഹലിനോട്‌ മാത്രം ഇത്രയും സ്നേഹം തോന്നി , ഒരുപക്ഷെ താജ്‌ മഹല്‍ മുംതാസിന്‍റ്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചതിനാല്‍ ചരിത്രകാരന്‍മാര്‍ മുംതാസിനെ ഷാജഹാന്‍ അത്രയധികം പ്രണയിച്ചിട്ടുണ്ടെന്ന്‌ കരുതിയതായിരിക്കുമോ ? . നാല്‍പത്തിയൊന്നാം വയസ്സിലാണ്‌ ഷാജഹാന്‍ താജ്‌ മഹല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌ . പ്രധാന കെട്ടിടം പതിനേഴ്‌ വര്‍ഷം കൊണ്ടും ചുറ്റുമുള്ളവ വീണ്ടും അഞ്ച്‌ വര്‍ഷം കൊണ്ട്‌ പണിതതുമാണ്‌ . ഈ കാലമത്രയും ഷാജഹാന്‍ മുംതാസിനോടൂള്ള സ്നേഹം മനസ്സില്‍ സൂക്ഷിച്ച്‌ നടക്കുക എന്നത്‌ എനിക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു . കാരണം സ്ത്രീകള്‍ മുഗളന്‍മാരെ സംബന്ധിച്ചിടത്തോളം സുലഭമായിരുന്നു .
കെട്ടിടങ്ങള്‍ , കൊട്ടാരങ്ങള്‍ , മണിമാളികകള്‍ , സ്മാരകങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ ഷാജഹാന്‍ അതീവതല്‍പരനായിരുന്നു . അക്കൂട്ടത്തില്‍ മുംതാസിന്‍റ്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ച താജ്‌ മഹലിനെ ചരിത്രകാരന്‍മാരും , കവികളും , കഥാകാരന്‍മാരും ഷാജഹാന്‌ മുംതാസിനോടുള്ള "തീവ്രപ്രണയത്തിന്‍റ്റെ" സ്മാരകമായി വിശേഷിപ്പിച്ചതായിരിക്കാം . എന്തുതന്നെയാകട്ടെ , ലോകത്തിലെ എഴ്‌ അത്ഭുതങ്ങളില്‍ ഒന്ന്‌ ഇന്ത്യയിലാണെന്നതില്‍ നമുക്ക്‌ അഭിമാനിക്കാം , ഒപ്പം ടൂറിസം വഴി നമ്മുടെ രാജ്യത്തിന്‌ ലഭിക്കുന്ന വിദേശവരുമാനത്തില്‍ നമുക്ക്‌ സന്തോഷിക്കാം .

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കാത്തിരിപ്പൂ നിന്നെ ഞാന്‍

പൂക്കളമെഴുതുവാന്‍ വന്നില്ല നീയിന്ന്‌
പൊന്നോണനാളിതെന്നോര്‍മ്മയില്ലെ ,
മുറ്റത്ത്‌ തീര്‍ത്തൊരിപൂക്കളതറയില്‍ ഞാന്‍
ഒരുവട്ടപൂവുമായി കാത്തിരുന്നു ,
എന്‍റ്റെ ഹൃദയത്തില്‍ നോവുമായ്‌ കാത്തിരുന്നു .
ഇതിലെ പോകും കാറ്റിനുപോലും
നീ ചൂടും പൂവിന്‍ സുഗന്ധം .
അതിലെന്നുമുണരുമെന്‍ മോഹങ്ങളും ,
അതിലേറെ നീ തന്ന സ്വപ്നങ്ങളും ,
സുന്ദര മോഹന സ്വപ്നങ്ങളും .
അകലെ പോകും കിളികള്‍ പോലും
പാടുന്നു ഈധന്യ നിമിഷം
അതു കേള്‍ക്കെ പാടുന്നു എന്‍ മനം വീണ്ടും ,
ഇന്നലെ നീ തന്ന സ്നേഹ ഗീതം ,
സുന്ദര സുരഭില സ്നേഹഗീതം .

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓണവും മരണവും

'എട്ട്യാടിയില്‍' , അതായിരുന്നു എന്‍റ്റെ അമ്മയുടെ തറവാട്‌ . വളരെ വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന അവിടെ പല തലമുറകള്‍ ജനിച്ച്‌ ജീവിച്ച്‌ മരിച്ചിരിക്കുന്നു . എന്‍റ്റെ ഓര്‍മകളില്‍ ഇപ്പൊഴും സജീവസാന്നിധ്യമായ ആ തറവടിനെ കുറിച്ച്‌ എനിക്ക്‌ ഒരു പാട്‌ കഥകള്‍ പറയാനുണ്ട്‌ . ആദ്യമേ പറയെട്ടെ , ആ വീട്‌ ഇന്ന്‌ വെറും ഒരോര്‍മ മാത്രമാണ്‌ . പട്ടണത്തിന്‍റ്റെ വളര്‍ച്ചയില്‍ ഭൂമിയുടെ വില ഉയരുകയും , നഗരജീവിതം നരകമാവുകയും ചെയ്ത അവസ്ഥയും ,കൂട്ടുകുടുംബത്തില്‍ നിന്നു അണുകുടുംബത്തിലേക്കുള്ള പരിണാമവും എന്‍റ്റെ അമ്മയുടെ തറവാടും അതിനോടനുബന്ധിച്ചുള്ള പറമ്പും നാലു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വില്‍പന നടത്തിയിരിക്കുന്നു .കുറച്ച്‌ മുന്‍പ്‌ വരെ ഒരു സ്മാരകം പോലെ ആ വീട്‌ അവിടെയുണ്ടായിരുന്നു . ഇപ്പോള്‍ കല്ലും , മരവും , ഉത്തരവും ,കഴുക്കോലും , മച്ചും , ഓടും എല്ലാം പൊളിച്ചു മാറ്റിയിരിക്കുന്നു . എന്‍റ്റെ അമ്മയുടെ തറവാട്‌ മാത്രമല്ല അതിന്‌ സമീപമുള്ള വീടുകളും അവിടെ നിന്ന്‌ മാറ്റപെട്ടുകൊണ്ടിരിക്കുകയാണ്‌ .

'എട്ട്യാടിയില്‍' തറവാട്ടിലെ അംഗങ്ങളുടെ മരണത്തിന്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു . എന്‍റ്റെ ഓര്‍മയില്‍ അവിടെ മരിച്ചവര്‍ അധികവും ഓണത്തിനോടനുബന്ധിച്ച ദിവസങ്ങളിലായിരുന്നു . ഓര്‍ക്കുമ്പോള്‍ മനസ്സിലിപ്പോഴും നൊമ്പരമായി നില്‍കുന്നത്‌ ഞാനും ദൃക്സാക്ഷിയായിട്ടുള്ള ഒരു മരണമായിരുന്നു . ഉണ്ണി ആപ്പന്‍റ്റെ മരണം , എന്‍റ്റെ അമ്മയുടെ അച്ചന്‍റ്റെ ഏട്ടന്‍റ്റെ മകനായിരുന്നു ഉണ്ണീയാപ്പന്‍ . വകയിലെന്‍റ്റെ മാമനായിരുന്നെങ്കിലും ഉണ്ണിയാപ്പെന്‍റ്റെ ഏട്ടന്‍റ്റെ മക്കള്‍ വിളിക്കുന്നത്‌ കേട്ട്‌ ഞാനും ആപ്പന്‍* എന്നാണ്‌ വിളിക്കാറുള്ളത്‌ . ഒരു തിരുവോണദിവസത്തിന്‍റ്റെ തലേന്ന്‌രാത്രി ഞങ്ങള്‍ പൂക്കളമൊരുക്കുന്നതിനായ്‌ കോലായില്‍ കളം വരക്കുകയായിരുന്നു .രാത്രി ഏകദേശം ഒന്‍പത്‌ മണിയായികാണും , ഞാനും എന്‍റ്റെ സഹോദരിമാരും മാമന്‍റ്റെ മക്കളും എല്ലവരും ഉണ്ടായിരുന്നു . പൂക്കളത്തെ പറ്റി ഓരോരുത്തരും ഓരൊ അഭിപ്രായങ്ങള്‍ പറയുന്നുണ്ടായിരുന്നു . ഒരു ഭാഗത്ത്‌ പിറ്റെദിവസത്തേക്ക്‌ വേണ്ട പൂക്കള്‍ ഉതിര്‍ത്ത്‌ വെക്കുന്നുണ്ടായിരുന്നു . ഉണ്ണിയാപ്പന്‍ കോലായിലെ ബെഞ്ചില്‍ ഇരുന്ന്‌ ഞങ്ങള്‍ കളം വരക്കുന്നത്‌ നോക്കികൊണ്ടിരിക്കുകയായിരുന്നു . പെട്ടെന്ന്‌ ഇരുന്ന ഇരുപ്പില്‍ ഒരുവശത്തേക്ക്‌ മറിഞ്ഞ്‌ വീണു , ബെഞ്ചില്‍ തൊട്ടടുത്തിരുന്ന്‌ പൂവ്‌ ഉതിര്‍ത്തുകൊണ്ടിരുന്ന ഉണ്ണിയാപ്പന്‍റ്റെ മകളുടെ ദേഹത്ത്‌ തന്നെയായിരുന്നു മറിഞ്ഞ്‌ വീണത്‌ . 'എന്‍റ്റെ അച്ചന്‍' , എന്ന ഉച്ചത്തിലുള്ള നിലവിളി കേട്ട ഞങ്ങള്‍ കാണുന്നത്‌ ബോധമില്ലതെ ബെഞ്ചില്‍ മറിഞ്ഞ്‌ വീണ്‌ കിടക്കുന്ന ഉണ്ണീയാപ്പനെയായിരുന്നു . വീട്ടിലുള്ള എല്ലാവരും ഓടിവന്നു , ഉണ്ണിയാപ്പനെ കുലുക്കിവിളിച്ചു , പക്ഷെ യാതൊരു ചലനവും ഉണ്ടായിരുന്നില്ല . അപ്പൊഴത്തേക്കും തൊട്ടടുത്തുള്ള വീട്ടില്‍നിന്നല്ലാം ആളുകള്‍ എത്തിയിരുന്നു . പെട്ടെന്ന്‌ തന്നെ ഒരു കാറ്‌ വിളിച്ച്‌ ഉണ്ണീയാപ്പനെ അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ട്പോയി . ഉതിര്‍ത്തിട്ട പൂക്കളെല്ലാം എടുത്ത്‌ ഞങ്ങള്‍ കാരണോം മാരുടെ** അകത്ത്‌ വച്ചു .

കുറച്ച്‌ സമയം കഴിഞ്ഞപ്പോഴേക്കും ആശുപത്രിയില്‍ പോയവരില്‍ ചിലര്‍ മടങ്ങിവന്നു . കോലായിലും , മുറ്റത്തും ആളുകള്‍ അടുക്കിപിടിച്ച്‌ സംസാരിക്കുന്നുണ്ടായിരുന്നു . ഉണ്ണിയാപ്പന്‍ മരിച്ചുപോയിരിക്കുന്നു . പിന്നെ വീട്ടില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു . ആരൊക്കെയോ പടിഞ്ഞിറ്റകം*** അടിച്ച്‌ വൃത്തിയാക്കി പായ്‌വിരിച്ച്‌ അതില്‍ വെള്ളത്തുണി വിരിച്ചിരിക്കുന്നു . കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരാംബുലന്‍സ്‌ വന്നു , അതില്‍ നിന്നും ഉണ്ണിയാപ്പന്‍റ്റെ ചേതനയറ്റ ശരീരം ആരൊക്കെയോ ചേര്‍ന്ന്‌ സ്റ്റ്രച്ചറില്‍ എടുത്ത്‌ പടിഞ്ഞിറ്റകത്ത്‌ കിടത്തി . ഏതാനും സമയം മുന്‍പ്‌ കോലായില്‍ ഞങ്ങളുടെ അടുത്തിരുന്ന ഉണ്ണിയാപ്പന്‍ മരിച്ച്‌ പോയിരിക്കുന്നു എന്ന സത്യം ഉള്‍കൊള്ളാന്‍ എനിക്ക്‌ കഴിഞ്ഞില്ല .ഹൃദയസ്തംഭനമായിരുന്നു മരണകാരണം . മരിക്കുന്നതിന്‌ തൊട്ട്‌ മുന്‍പുവരെ ഞങ്ങളുടെ അരികത്തുള്ള ഉണ്ണിയാപ്പന്‍റ്റെ മനസ്സിലെ ചിന്തകള്‍ അപ്പോള്‍ എന്തായിരുന്നു , എന്തെങ്കിലും ശാരീരികാസ്വസ്ഥ്യം അപ്പോള്‍ ഉണ്ടായിരുന്നൊ ? , ആരോടും ഒന്നും പറയാതെ വേദന സഹിച്ചിരുന്നതാണോ?,ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാമായിരുന്നു . ഒരു പക്ഷെ അപ്പോള്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നിങ്ങനെയുള്ള ചിന്തകള്‍ എന്‍റ്റെ മനസ്സിനെ വല്ലാതെ വ്യാകുലപെടുത്തി . എന്തുപറയാം , ഉണ്ണിയാപ്പന്‍റ്റെ മരണസമയം അതായിരിക്കാം . അങ്ങനെ ഓണവുമായി ബന്ധപെട്ട്‌ വീണ്ടും ഒരു മരണം നടന്നിരിക്കുന്നു . 'നാളെ നമ്മള്‍ക്ക്‌ പൂവിടാമോ'? എന്ന മാമെന്‍റ്റെ എട്ടുവയസ്സുകാരനായ മകന്‍റ്റെ ചോദ്യത്തിന്‌ 'ഇല്ല' എന്ന എന്‍റ്റെ മറുപടി അവനെ നിരാശപെടുത്തിയുട്ടുണ്ടെന്ന്‌ എനിക്ക്‌ തോന്നി . കുഞ്ഞുമനസ്സുകള്‍ക്ക്‌ എപ്പോഴും ആഘോഷിക്കാനും , ആഹ്ളാദിക്കാനും മാത്രമെ കഴിയൂ , ദു:ഖിക്കാന്‍ അവര്‍ക്കാവില്ലല്ലോ .


* അച്ചന്‍റ്റെ ഏട്ടനെയൊ , അനുജനെയോ ആണ്‌ ആപ്പന്‍ എന്ന്‌ വിളിക്കുന്നത്‌ . അമ്മയുടെ ആങ്ങളമാരെ മാമന്‍ അല്ലെങ്കില്‍ അമ്മാമന്‍ എന്നു വിളിക്കുന്നു .
** എന്‍റ്റെ അമ്മയുടെ തറവാട്ടില്‍ കോലായയുടെ തെക്കേ അറ്റത്ത്‌ മരിച്ച്‌പോയ കാരണവന്‍മാരെ ആവാഹിച്ച്‌ കുടിയിരുത്തിയ ഒരു മുറിയുണ്ട്‌ . അതിനെ കാരണോം മാരുടെ അകം എന്നാണ്‌ ഞങ്ങള്‍ വിളിക്കുന്നത്‌ .
*** തെക്കേ ഭാഗത്തുള്ള മുറിയുടെയും , വടക്കേ ഭാഗത്തുള്ള മുറിയുടെയും , പടിഞ്ഞാറു ഭാഗത്തുള്ള മുറിയുടെയും നടുവില്‍ വരുന്ന മുറി .

2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

പിന്നെയും കാണുന്നവര്‍


തീവണ്ടി സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു , പ്ളേറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന പ്രകാശന്‍ ഏതോ ഉള്‍പ്രേരണയാല്‍ പിന്നിലേക്ക്‌ നോക്കി . നിര്‍മ്മല, ! പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്‍റ്റെ ഹ്രിദയത്തില്‍ പ്രണയവും, നൊമ്പരവുമായി നിന്ന അതെ നിര്‍മല . ഇവിടെ ...... എങ്ങിനേ ?. മനസ്സിനോട്‌ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു തുടങ്ങുമ്പോഴെക്കും വണ്ടി സ്റ്റേഷനില്‍ നിന്നിരുന്നു . അത്‌ അവള്‍ തന്നെ അല്ലെ ? തിരിഞ്ഞ്‌ നോക്കി ഉറപ്പുവരുത്തണമെന്ന്‌ തോന്നിയെങ്കിലും ധൈര്യമുണ്ടായില്ല . പതിവുപോലെ തിരക്കിനിടയിലൂടെ വണ്ടിയില്‍ കയറുന്നതിനിടയ്ക്ക്‌ നിര്‍മ്മല എവിടെയാണ്‌ കയറുന്നതെന്ന്‌ അവള്‍ കാണാതെ നോക്കി . താന്‍ കയറുന്ന കമ്പാര്‍ട്ട്‌ മെന്‍റ്റിലെ ഒന്നാമത്തെ വാതിലില്‍ കൂടെ .......... യാത്രക്കാരുടെ ഇടയിലൂടെ മുന്‍പോട്ട്‌ നടക്കുമ്പോള്‍ നിര്‍മ്മല എവിടെയാണെന്ന്‌ പരതി നടന്ന പ്രകാശന്‍റ്റെ മുന്‍പില്‍ നിര്‍മ്മല . അവള്‍ പ്രകാശന്‍റ്റെ മുഖത്തേക്ക്‌ നോക്കി , കണ്ണുകളില്‍ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ ക്കുമുന്‍പുകണ്ട അതേ തിളക്കം .

തന്നെ മനസ്സിലാട്ടുണ്ടാവുമൊ ? മറന്നുപോകാന്‍ വഴിയില്ല , അത്രയ്ക്ക്‌ തീഷ്ണമായിരുന്നു തങ്ങളുടെ പ്രണയം . യാത്രക്കാര്‍ നിറഞ്ഞ ഇരിപ്പിടത്തിനിടയില്‍ ജനവാതിലിന്‌ അഭിമുഖമായ്‌ പുറത്തേക്ക്‌ നോക്കിക്കൊണ്ട്‌ നിര്‍മ്മല നില്‍ക്കുന്നു . ഒരു പക്ഷെ തന്നെ അഭിമുഖികരിക്കുന്നതിലുള്ള പ്രയാസ്സമായിരിക്കാം , അല്ലെങ്കില്‍ തന്നെ മനസ്സിലയിട്ടില്ലായിരിയ്ക്കാം .നിര്‍മ്മല പിന്നിലേക്ക്‌ തിരിഞ്ഞ്‌ നോക്കിയതെ ഇല്ല . വണ്ടി സ്റ്റേഷനില്‍ നിന്നും വീണ്ടും യാത്രതുടങ്ങിയിരിക്കുന്നു . തന്നെ അറിയുമൊ എന്ന്‌ ചോദിക്കുവാന്‍ പ്രകാശന്‌ തോന്നി , പക്ഷെ നിര്‍മലയുടെ പിറകില്‍ മറ്റു പലരും നില്‍ക്കുന്നുണ്ടായിരുന്നു . തൊട്ടടുത്താണ്‌ നില്‍ക്കുന്നതെങ്കില്‍ എന്തെങ്കിലും ചോദീക്കാമായിരുന്നു . അടുത്തു പോയീ എന്തെങ്കിലും പറയാന്‍ പ്രകാശന്‌ ജാള്യത തോനി . തങ്ങളുടെ പ്രണയകാലത്ത്‌ , പ്രണയതീഷ്ണതയില്‍ പഞ്ഞതും,ചെയ്തതുമായ വിഡ്ഡിത്തങ്ങള്‍ പക്വതയുള്ള ഇന്നത്തെ മനസ്സിനെ ലജ്ജിപ്പിച്ചു . നിര്‍മലയുടെ രൂപത്തിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല , രണ്ട്‌ കുട്ടികളെ പ്രസവിച്ചു എന്നാരോ പറഞ്ഞറിഞ്ഞിരുന്നു . മൂത്തകുട്ടിക്കിപ്പോള്‍ പത്തു വയസ്സ്‌ പ്രായമായിക്കണും


പ്രകാശന്‍റ്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്ക്‌ പിറകിലേക്ക്‌ സഞ്ചരിച്ചു . ബിരുദ പഠനകാലത്ത്‌ മനസ്സില്‍ പലരോടും സ്നേഹം തോന്നിയിരുന്നു . ക്ളാസ്സില്‍ വളരെ അടുത്ത്‌ സൌഹ്രിദം കാണിച്ച റീത്തയോട്‌ തന്‍റ്റെ പ്രണയം വെളിപെടുത്തിയപ്പോള്‍ , 'പ്രകാശനെ എനിക്ക്‌ ഇഷ്ടമാണ്‌ , പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരാളെ സ്നേഹിക്കുന്നുണ്ട്‌ അല്ലെങ്കില്‍ തീര്‍ച്ചയായും പ്രകാശനെ സ്നേഹിച്ചേനെ' എന്ന റീത്തയുടെ വാക്കുകള്‍ പ്രകാശനെ വല്ലതെ വേദനിപ്പിച്ചിരുന്നു . കുറച്ചു ദിവസം മനസ്സില്‍ ആ വേദനയുമായ്‌ നടന്നു . റീത്തയ്ക്ക്‌ തന്നോട്‌ പ്രണയമില്ലെങ്കില്‍ പിന്നെയെന്തിന്‌ അവളോട്‌ സംസാരിക്കണം . അതോടെ ആ സൌഹ്രിദം അവിടെ അവസാനിച്ചു . പിന്നീട്‌ ജൂനിയറായ പ്രവീണയോട്‌ ഇഷ്ടം തോന്നി . "ഞാനിത്‌ നിനക്ക്‌ തരുന്നത്‌ നിന്നെ ഇഷ്ടപെടുന്നത്‌ കൊണ്ടാണ്‌" എന്നെഴുതിയ ഒരു സമ്മാനം പ്രവീണയ്ക്ക്‌ നല്‍കിയത്‌ പിറ്റേദിവസം ക്ളാസ്സില്‍ കഷ്ണങ്ങളായ്‌ പൊട്ടിച്ചിട്ടത്‌ കാണ്ടപ്പോള്‍ വീണ്ടും പ്രണയതീരം തന്നില്‍നിന്നും അകന്നു പോകുന്നതായി പ്രകശന്‌ തോന്നി . സുന്ദരനല്ലാത്തത്‌ കൊണ്ടായിരിക്കാം തന്നെ ആരും ഇഷ്ടപെടാത്തത്‌ .റീത്തയ്ക്ക്‌ ആ കാമുകന്‍ ഇല്ലായിരുന്നെങ്കില്‍ അവള്‍ തന്നെ സ്നേഹിച്ചേനെ . ആരെങ്കിലും ഇഷ്ടപെട്ടെങ്കില്‍ എന്ന്‌ പ്രകാശന്‍ വല്ലാതെ കൊതിച്ചിരുന്നു , പ്രണയത്തിന്‍റ്റെ ഊഷ്മളതയില്‍ അലിഞ്ഞ്‌ ഒരു കാമുകനായി മാറാന്‍ പ്രകാശന്‍ കൊതിച്ചിരുന്നു . പ്രണയം എന്ന വികാരമായിരിക്കാം പ്രകാശനെ സിനിമകള്‍ കാണാന്‍ പ്രേരിപ്പിച്ചത്‌ , സിനിമകളിലെ പ്രണയനായകനെ പോലെ താനും ആയിരുന്നെങ്കിലെന്ന്‌ പ്രകാശന്‍ ആഗ്രഹിച്ചു . രാത്രികളില്‍ ഉറക്കമില്ലാതെ കിടക്കുമ്പോല്‍ പ്രകാശന്‍ മനസ്സില്‍ പലതും സങ്കല്‍പിക്കാറുണ്ടായിരുന്നു . സുന്ദരിയായൊരു പെണ്‍കുട്ടിയാല്‍ പ്രണയിക്കപെടുന്നതും, അവളെ സ്വന്തമാക്കുന്നതും..... അങ്ങനെ പലതും............ ആരും പ്രണയിക്കത്തത്‌ പ്രകാശന്‌ പിന്നീട്‌ ഒരനുഗ്രഹമായിതോന്നി, അല്ലായിരുന്നെങ്കില്‍ കോളേജ്‌ വിടപറയലില്‍ പ്രണയിനിയെ നഷ്ട്ടപ്പെട്ട വേദനയില്‍ പരീക്ഷകള്‍ തോറ്റേനെ . ദിവസങ്ങളും മാസങ്ങളും കടന്നുപോയി. പ്രണയവും, വേദനകളും, സൌഹ്രിദങ്ങളും നിറഞ്ഞ കാം പസ്സുകള്‍ മനസ്സിലെ ഓര്‍മ്മച്ചെപ്പുകളില്‍ സൂക്ഷിച്ച്‌ ജീവിതമെന്ന പച്ചയായ യാഥാര്‍ത്ഥത്തിലേക്ക്‌.........

ഒരു പ്രൈവറ്റ്‌ കമ്പനിയില്‍ ഓഫീസ്‌ അസിസ്റ്റന്‍റ്റായി പ്രകാശന്‍ തന്‍റ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു . പന്ത്രണ്ട്‌ പേരുണ്ടായിരുന്ന ഓഫിസിലെ മിക്കവരും ഒരു എക്സ്പീരിയെന്‍സിനുവേണ്ടിയായിരുന്നു അവിടെ ജോലി ചെയ്തത്‌ . പലരുടെയും ഇടത്തവളമായിരുന്ന അവിടെ പ്രകാശന്‌ മുന്‍പും പ്രകാശന്‌ ശേഷവും പലരും വരികയും പോവുകയും ചെയ്തിട്ടുണ്ട്‌ . അങ്ങിനെ ഒരു ദിവസം നിര്‍മല വന്നു . നീല ചുരീദാറില്‍ നിര്‍മല സുന്ദരിയായിരുന്നു, കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു . പുതിയൊരാള്‍ എന്ന നിലയില്‍ എല്ലവരും നിര്‍മലയെ പരിചയപെടുന്നുണ്ടായിരുന്നു . പ്രകാശന്‌ നിര്‍മലയെ പരിചയപെടാന്‍ എന്തോ ഒരപകര്‍ഷതാബോധം തോന്നി. എങ്കിലും നിര്‍മലയുടെ ചലനങ്ങള്‍ , കണ്ണുകള്‍ ഇടയ്ക്കിടെ പ്രകാശന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഒടുവില്‍ നിര്‍മല തന്നെ പ്രകാശനെ പരിചയപെട്ടു .അതു തന്നെയായിരുന്നു പ്രകാശന്‍ ആഗ്രഹിച്ചതും

'പേരെന്താ' ?

'പ്രകാശന്‍' .

'ഞാന്‍ നിര്‍മല' .

'എന്താ പഠിച്ചത്‌' ? പ്രകാശന്‍ ചോദിച്ചു .

'ബീക്കോം , പക്ഷെ പാസ്സയിട്ടില്ല , രണ്ട്‌ പേപ്പറുകള്‍ കൂടി കിട്ടാനുണ്ട്‌' .

നിര്‍മലയ്ക്കായിരുന്നു ഓഫീസില്‍ ഏറ്റവും അഴകുണ്ടായിരുന്നത്‌, അതുകൊണ്ട്‌ അഞ്ചുപേരടങ്ങുന്ന പുരുഷന്‍മാരുടെ ശ്രദ്ധയത്രയും നിര്‍മലയിലായിരുന്നു .ഓഫീസ്‌ സമയങ്ങളില്‍ ഇടയ്ക്ക്‌ ഓരോരുത്തരും നിര്‍മലയുമായി എന്തെങ്കിലും പറയും .പ്രകാശന്‍ വെറുതെ എന്തെങ്കിലും പറയാന്‍ മെനക്കെട്ടില്ല .എങ്ങനേയും നിര്‍മലയെ തന്‍റ്റെതു മാത്രമാക്കണമെന്നായിരുന്നു ചിന്ത .ഒടുക്കം പ്രകാശന്‍ തന്‍റ്റെ മനസ്സിനെ തുറന്നു വിട്ടു .പ്രകാശന്‍റ്റെ കവിത തുളുമ്പുന്ന സംഭാഷണങ്ങല്‍ ,ചേഷ്ടകള്‍ എല്ലം നിര്‍മലയ്ക്ക്‌ നന്നെ ബോധിച്ചു. പ്രകാശനോടൊപ്പം കൂടുതല്‍ സംസാരിക്കന്‍ നിര്‍മല താല്‍പര്യം കാണിച്ചു. പ്രകാശന്‌ തന്നോട്‌ ഇഷ്ടമുണ്ടെന്ന്‌ നിര്‍മലയ്ക്ക്‌ തോന്നി. ഓഫീസ്‌ സമയങ്ങളില്‍ നിര്‍മല ഇടയ്ക്കിടെ പ്രകാശനെ നോക്കാറുണ്ടായിരുന്നു, അപ്പോള്‍ നിര്‍മലയുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂടുന്നതായി പ്രകാശന്‌ തോന്നി . ഒടുവില്‍ എന്തും വരട്ടെ എന്ന്‌ തീരുമാനിച്ചുകൊണ്ട്‌ പ്രകാശന്‍ ഒരു തുണ്ട്‌ പേപ്പറില്‍ നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്നെഴുതി ആരും കാണാതെ നിര്‍മലയ്ക്ക്‌ കൊടുത്തു .അന്ന്‌ ജോലി ചെയ്യാന്‍ പ്രകാശന്‌ സാധിച്ചില്ല , പേപ്പറില്‍ എന്തൊക്കെയൊ വെറുതെ കുത്തികുറിച്ചുകൊണ്ടിരുന്നു, വയറ്റിനുള്ളില്‍ നിന്നും എന്തൊ ഒരസ്വസ്ഥത . ഓഫീസ്‌ വിട്ട്‌ പുറത്തിറങ്ങിയപ്പോള്‍ നിര്‍മലയും ഒപ്പമുണ്ടായിരുന്നു . പ്രകാശന്‍ കൊടുത്ത തുണ്ട്‌ കടലാസ്സിനെ പറ്റി നിര്‍മല സംസാരിച്ചു .

'നമ്മള്‍ ഇഷ്ടപെട്ടത്‌ കൊണ്ടെന്താ കാര്യം'?

'നിര്‍മല ആരോടും സംസാരിക്കുന്നത്‌ എനിക്കിഷ്ടമല്ല' .

'അതുകൊണ്ടെന്താ കാര്യം ? നമ്മള്‍ക്ക്‌ ഒരിക്കലും ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല' . നിര്‍മല വളരെ പ്രാക്ടിക്കലായി സംസാരിച്ചു . 'നമ്മള്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ നമുക്ക്‌ ഒരിക്കലും കല്ല്യാണം കഴിച്ച്‌ ജീവിക്കന്‍ പറ്റില്ല ,നമ്മളെ ആരും അംഗീകരിക്കില്ല പിന്നെ വെറുതെ എന്തിന്‌ സ്നേഹിക്കണം ,ജീവിതത്തില്‍ ഒരാളെ മാത്രമേ ഞാന്‍ സ്നേഹിക്കുകയുള്ളു' .

പക്ഷെ വീണ്ടും ഒരു പ്രണയനഷ്ടം കൂടി പ്രകാശന്‌ തങ്ങാനാവുന്നതായിരുന്നില്ല . പ്രകാശനെ നിര്‍മലയ്ക്ക്‌ ഇഷ്ടമായിരുന്നു എന്നത്‌ സത്യം . പക്ഷെ വെറുതെയുള്ള പ്രണയം ...... പ്രകാശന്‍ നിര്‍മലയില്‍ നിന്നും അകലാന്‍ ശ്രമിച്ചത്‌ നിര്‍മലയുടെ മനസ്സിനേയും വേദനിപ്പിച്ചിരുന്നു . ഒടുവില്‍ പ്രകാശന്‍ തന്നെയൊരു നീര്‍ദേശം വെച്ചു . നിര്‍മല എത്രകാലം ഇവിടെ ജോലി ചെയ്യുന്നുവോ അതുവരെ നമുക്ക്‌ പ്രണയിക്കം . ഒടുവില്‍ മനസ്സില്ലാമനസ്സോടെ നിര്‍മല സമ്മതിച്ചു അല്ലെങ്കില്‍ പ്രകാശന്‍ തന്നോട്‌ സംസാരിക്കില്ല എന്ന്‌ നിര്‍മലയ്ക്ക്‌ അറിയാമായിരുന്നു .അങ്ങനെ പ്രകാശനും ആദ്യമായി പ്രണയിക്കപെട്ടു . അന്നുമുതല്‍ പ്രകാശന്‍റ്റെ ചിന്തകളില്‍ മുഴുവനും നിര്‍മലയായിരുന്നു .ഒരു ദിവസം പോലും ലീവെടുത്തിരുന്നില്ല , പൊതു അവധികള്‍ ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്ന്‌ പ്രകാശന്‍ ആഗ്രഹിച്ചു .പക്ഷെ പ്രകാശന്‍റ്റെ ആദ്യപ്രണയം അധികം നീണ്ടുനിന്നില്ല . നിര്‍മലയുടെ കല്ല്യാണം ഉറപ്പിച്ചു .മദിരാശിയിലെ താംബാരത്തുള്ള ഒരു ചെറുപ്പക്കാരനുമായി , അവിടെ ഏതോ ഒരു കമ്പിനിയിലെ ഉദ്ദ്യോഗസ്ഥനായിരുന്നു അയാള്‍ . പ്രകാശന്‍റ്റെ ഹ്രിദയത്തില്‍ പെരുമഴ പെയ്തു , തോരാതെ ശക്തിയായ്‌ പെയ്തുകൊണ്ടിരുന്നു .നിര്‍മലയ്ക്ക്‌ തന്നെ വിട്ടുപിരിയുന്നതില്‍ അത്ര സങ്കടമുള്ളതായി പ്രകാശന്‌ തോന്നിയില്ല .ഒരു പക്ഷെ വേറൊരാള്‍ അവളുടെ ജീവിതത്തില്‍ വരുന്നത്‌ കൊണ്ടായിരിക്കാം .

'ഇനി എപ്പോഴെങ്കിലും നമ്മള്‍ കാണുമോ'?

'ഇല്ല'

'എപ്പോഴെങ്കിലും കണ്ടാല്‍ എന്നോട്‌ സംസാരിക്കുമോ' ?

'പ്രകാശനെ ഇനി ഒരിക്കലും കാണരുതെന്നാണ്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌ '

അങ്ങനെ തണുപ്പുള്ള ഒരു ഡിസമ്പറില്‍ നിര്‍മലയുടെ കുടുംബജീവിതം തുടങ്ങി . നിര്‍മല താംബാരത്തുള്ള വീട്ടില്‍ അവളുടെ ഭര്‍ത്താവുമായി സുഖജീവിതം തുടങ്ങിയിട്ടുണ്ടാകും എന്ന ചിന്ത പ്രകാശനെ ഭ്രാന്തനാക്കി . ആ ദിവസങ്ങള്‍ പ്രകാശന്‍ അതിജീവിച്ചത്‌ ആയുസ്സിണ്റ്റെ ബലം കൊണ്ടുമാത്രമായിരുന്നു .ഭൂപടത്തില്‍ തമിഴ്നാട്‌ എവിടെയാണെന്നും , താംബാരം എവിടെയാണെന്നും പ്രകാശന്‍ പരതി . ഒരു പക്ഷെ നിര്‍മലയോടുള്ള സ്നേഹമായിരിക്കം പകാശനെ തമിഴ്നാടിനെ ഇഷ്ടപെടാന്‍ പ്രേരിപ്പിച്ചത്‌ . ദിവസങ്ങളും മാസങ്ങളും കടന്നുപോയി ,പ്രകാശന്‍റ്റെ മനസ്സില്‍ നിന്നും നിര്‍മല പതുക്കെ പതുക്കെ മായാന്‍ തുടങ്ങിയിരിക്കുന്നു .പിന്നീട്‌ പ്രകാശന്‍ പ്രണയത്തെ കുറിച്ചാലോചിച്ചത്‌ കേവലം ഒരു വിഡ്ഡിത്തമായിട്ടായിരുന്നു . പ്രണയവിരഹത്തില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നാതിരുന്നത്‌ തന്‍റ്റെ ഭാഗ്യം ,അല്ലായിരുന്നെങ്കില്‍ പ്രണയമെന്ന ശുദ്ധ വിഡ്ഡിത്തത്തില്‍ തന്‍റ്റെ മനോഹരമായ ജന്‍മം പാഴായിപോയെനെ .......പ്രകാശനിന്ന്‌ ഒരു പൊതുമേഖലാബേങ്കിലെ അസിസ്റ്റണ്റ്റ്‌ മാനേജരാണ്‌ .വിവാഹം കഴിഞ്ഞ്‌ അച്ചനായിരിക്കുന്നു .ജീവിതമെന്ന സുന്ദരമായ വാക്കിന്‌ അര്‍ഥം നല്‍കുന്നതില്‍ പ്രകാശന്‍ വിജയിച്ചിരിക്കുന്നു .പ്രണയമെന്നത്‌ കേവലം ഒരു ബാലിശചിന്തയാണെന്ന്‌ പ്രകാശന്‌ തോന്നിയിരിക്കുന്നു . ഇന്ന്‌ പ്രണയിക്കുന്നവരെ കാണുമ്പോള്‍ പ്രകാശന്‌ മനസിനുള്ളില്‍ അറിയാതെ ചിരിവരും , സിനിമകളോട്‌ പ്രകാശന്‌ ഇന്ന്‌ താല്‍പര്യം കുറഞ്ഞിരിക്കുന്നു .

പുതിയ ഉയരങ്ങളില്‍ എത്താനുള്ള പ്രകാശന്‍റ്റെ തിരക്കിനിടയിലായിരുന്നു നിര്‍മലയെ നീണ്ട പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കണ്ടുമുട്ടുന്നത്‌ .വണ്ടി സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുകയാണ്‌ , എന്തും വരട്ടെ നിര്‍മലയോട്‌ സംസാരിക്കുക തന്നെ . പ്രകാശന്‍ തീരുമാനിച്ചു . യാത്രക്കാര്‍ വരിവരിയായി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ നിര്‍മലയുടെ പിന്നില്‍ നിന്ന പ്രകാശന്‍ ചോദിച്ചു .

'എന്നെ അറിയാമൊ' ?

നിര്‍മല മുഖം തിരിച്ച്‌ പ്രകാശനെ നോക്കി , അറിയാത്തതുപോലെ . 'ആരാ' ?

'എന്നെ മനസ്സിലായില്ലെ' ?

'ഇല്ല' . 'ശരി , എന്നാല്‍ പോകട്ടെ' .

'ആരാണെന്ന്‌ പറയൂ' .

'എന്നെ മനസ്സിലായില്ലെങ്കില്‍ അങ്ങനെ തന്നെ ഇരിക്കട്ടെ' .

നിര്‍മല കുറച്ചു നേരം പ്രകാശനെ നോക്കി . 'പ്രകാശനാ' ....

'അതെ' കണ്ണുകളില്‍ വീണ്ടും ആ പഴയ തിളക്കം പ്രകാശന്‍ കണ്ടു .

'ഇവിടെ എന്താ' ?

'ഇവിടെ ഒരു ട്രെയിനിങ്ങ്‌ ഉണ്ടായിരുന്നു' .

'പ്രകാശനെന്താ ഇവിടെ' ?

'ഞാന്‍ ഇവിടെയാണ്‌ ജോലിചെയ്യുന്നത്‌'

'എവിടെ' ?

'ബേങ്കില്‍' .

'ഏത്‌ ബേങ്കില്‍' ?

'എസ്‌ ബി ടി യില്‍'.

കൂടുതെലെന്തെങ്കിലും ചോദിക്കുന്നതിന്‌ മുന്‍പ്‌ നിര്‍മലയുടെ കൂട്ടുകാരി ആളൊഴിഞ്ഞ വാതിലിലൂടെ പോകാന്‍ നിര്‍മലയെ വിളിച്ചു . 'പിന്നെ കാണാം' . നിര്‍മല യാത്രപറഞ്ഞു . വണ്ടി ഇറങ്ങി പ്ളേറ്റ്ഫോമിലിരുന്ന പ്രകാശന്‍ ചിന്തിക്കുകയായിരുന്നു .ഒരിക്കലും കാണാന്‍ സാധിക്കുകയില്ലെന്ന്‌ വിചാരിച്ചതും , ഒരിക്കലും കാണരുതെന്ന്‌ നിര്‍മല പ്രാര്‍ഥിച്ചതുമാണ്‌ . എന്തു പറയാം വീണ്ടും കണ്ടുമുട്ടുക എന്നത്‌ വിധികല്‍പിതമായിരിക്കാം ..............


2008, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

അവള്‍ അമ്മയായിരുന്നു


മനസ്സിനെ നിയന്ത്രിക്കുക എന്നത്‌ ആത്മാംശുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധീമുട്ടുള്ള കാര്യമായിരുന്നു. പല തവണ ശ്രമിച്ചിട്ടും നടക്കാതെ പോയതാണ്‌, മനസ്സിന്‍റ്റെ കടിഞ്ഞാണീനെ എത്ര തന്നെ മുറുകെ പിടിച്ചിട്ടും എല്ലാം തട്ടിമാറ്റിക്കൊണ്ട്‌ ഒരു യാഗാശ്വം കണക്കെ എവിടെയെല്ലം ചെന്നെത്തുന്നുവൊ അവിടെയെല്ലാം 'മനസ്സുകൊണ്ട്‌' സ്വന്തമാക്കി ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . ആത്മാംശു തന്‍റ്റെ ദൃഷ്ടി പഥത്തില്‍പെടുന്ന സുന്ദരികളുടെ സൌന്ദര്യത്തില്‍മുഴുകി എത്രയോ തവണ സ്ഥലകാലബോധമില്ലാതെ നിന്നിട്ടുണ്ട്‌ . 'ചോരകുടിക്കുന്നത്‌ മതിയാക്ക്‌' എന്ന് സുഹൃത്തുക്കളൊ മറ്റുള്ളവരോ പറയുമ്പോഴായിരിക്കും പരിസര ബോധമുണ്ടാകുന്നത്‌ . സുന്ദരിമാരുടെ ശരീര വടിവുകളില്‍ ആത്മാംശുവിന്റെ കണ്ണെത്തുന്നത്‌ ആദ്യം അവരുടെ കൊഴുത്ത മുലകളിലായിരുന്നു. അവിടങ്ങളില്‍ അവരറിയാതെ സ്പര്‍ശിക്കുവാന്‍ വല്ലാതെ കൊതിച്ചിരുന്നു , ആ സ്പര്‍ശനത്തില്‍ ലഭിക്കുന്ന ആനന്ദനിര്‍വൃതി ആത്മാംശു മനസ്സില്‍ സങ്കല്‍പിക്കും . പിന്നീടുള്ള നോട്ടങ്ങള്‍ മാംസളമായ അവരുടെ വയറിലായിരിക്കും, പിന്നിലൂടെ ചെന്ന് ആ വയറില്‍ കെട്ടിപിടിക്കാന്‍ ആത്മാംശു ആഗ്രഹിച്ചു . ആഗ്രഹങ്ങള്‍സ്വപ്നങ്ങളിലൂടെ സഫല മാക്കുന്ന നിര്‍വൃതിയില്‍ നില്‍ക്കുമ്പോഴായിരിക്കും 'ചോരകുടിക്കുന്നത്‌ മതിയാക്ക്‌' എന്നാരെങ്കിലും പറയുന്നത്‌ . അതോടെ അതുവരെയുള്ള മനസ്സിന്റെ തെറ്റുകളെ ശാസിക്കും, ഇനി ഒരിക്കലും മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിടില്ലെന്ന് തീരുമാനിക്കും . പക്ഷെ വിഫലം, മനസ്സിനെ ജയിക്കുന്നവനാണ്‍ യഥാര്‍ത്ഥ വിജയി എന്ന് ആരോ പറഞ്ഞിട്ടുണ്ട്‌ . പറയാന്‍ എളുപ്പം, പ്രാവര്‍ത്തികമാക്കുകഏറെക്കുറെ അസ്സാധ്യം . പലരും മനസ്സിനെ നിയന്ത്രിച്ചെത്‌ ആഗ്രഹങ്ങള്‍ പലതവണ സാക്ഷാത്കരിച്ച്‌ മടുക്കുമ്പോഴായിരിക്കും . അങ്ങനെയുള്ള മനസ്സിന്റെ നിയന്ത്രണത്തില്‍ ആത്മാംശു ഒരര്‍ത്ഥവുംകണ്ടില്ല . തെറ്റുകള്‍ ചെയ്യുന്നതിനുമുന്‍പെ തിരിച്ചറിഞ്ഞു മനസ്സിനെ നിയന്ത്രിക്കുന്നവനാണ്‍ യഥാർത്ഥ വിജയി . അങ്ങനെ ഈ ഭൂമിയിൽ അരെങ്കിലുമുണ്ടൊ ?, ഉണ്ടെന്ന് അവകാശപെട്ടാൽ അത്‌ തെളിയുക്കുക അസ്സാധ്യമായിരിക്കും ആത്മാംശുവിന്റെ പതിവു യാത്രയിൽ ഇന്നത്തെ ദിവസം പലരും കടന്നുവന്നിട്ടുണ്ട്‌ . അദ്രിശ്ശ്യനാകാനുള്ള എന്തെങ്കിലും മന്ത്രമുണ്ടെങ്കിൽ അത്‌ പ്രയോഗിച്ച്‌ അവരുടെ ശരീരത്തിൽ ചേർന്ന് നിൽക്കാമായിരുന്നു എന്നാഗ്രഹിച്ചു . തന്റെ വന്യ സ്വപ്നങ്ങളിൽ പലപ്പോഴും അദ്രിശ്ശ്യനാകുന്നത്‌ ആത്മാംശു സങ്കൽപിച്ചിരുന്നു . അദ്രിശ്ശ്യതയിലൂടെ ദ്രിശ്ശ്യമാകൂന്ന കാര്യങ്ങളിലെ വൈവിധ്യങ്ങൾ അത്മാശുവിന്റെ ചിന്തകളെ തീ പിടിപ്പിച്ചു , തീപിടിച്ച ചിന്തകൾ ശരീരത്തെ ക്ഷീണിപ്പിച്ചപ്പോൾ മനസ്സും ശരീരവും ദീഘമായ ഉറക്കത്തിലേക്ക്‌ വഴുതി . മനസ്സെന്ന സങ്കീർണ്ണ പ്രതിഭാസത്തിന് ‌ വീണ്ടും ശക്തി നൽകുന്നതിന് ‌ ഉറക്കമെന്ന സ്വസ്ഥതയിലേക്ക്‌ ഇറങ്ങിയ ആത്മാംശുവിന്റെ ദ്രിഷ്ടിപഥത്തിൽ സുന്ദരിയായ ഒരു സ്ത്രീ കടന്നു വന്നു . സുന്ദരമായി എഴുതിതീർത്ത ഒരു കവിതപോലെ മനോഹരിയായിരുന്നു അവൾ . അത്മാംശുവിന്റെ ജന്മവാസന ഉണർ ന്നു , കണ്ണുകൾ അവളുടെ ശരീരവടിവുകളിലൂടെ പരതി നടന്നു . ഒടുക്കം കൊഴുത്ത മുലകളിൽ ഉടക്കിനിന്ന തന്റെ കണ്ണുകളെ ആത്മാംശുവിന്‍‌ വിശ്വസിക്കാനായില്ല . അവളുടെ മുലകളിൽനിന്നും മാതൃത്വത്തിന്റെ അമ്മിഞ്ഞപ്പാൽ ഒഴുകിവരുന്നു . തന്റെ ശിരസ്സിലൂടെ ഒഴുകിയ അത്‌ ശരീരത്തെ ശുദ്ധമാക്കികൊണ്ട്‌ മണ്ണിലേക്ക്‌ ഒഴുകി അലിഞ്ഞ്‌ ചേർന്നിരിക്കുന്നു . ജീവിതാരംഭത്തിലെ നാലു വർഷങ്ങളോളം ആ മുലകൾ ചുരത്തിയ സ്നേഹത്തിന്റെ, മാതൃത്വത്തിന്റെ നീരാണ്‍‌ തന്റെ ഇന്നത്തെ ഈ ശരീരത്തിന്‍‌ ഇത്രയും ബുദ്ധിയും, ശക്തിയും , സൗ ന്ദര്യവും നൽകിയത്‌ . ആ മുലകൾ ചുരത്തിയ സ്നേഹമില്ലായിരുന്നെങ്കിൽ ഒന്നുമാകാതെ , ഒന്നുമില്ലതെ ഈ ഭൂലോകത്തിൽ എവിടെയെങ്കിലും ആരാലും ശ്രദ്ധിക്കപെടാതെ ഒരു പക്ഷെ ജീവിക്കേണ്ടിവന്നേക്കാം എന്ന് ആത്മാംശുവിന്‍‌ തോന്നി . കണ്ണുകൾ മാംസ്സളമായ വയറിനെ ഉന്നംവെച്ചപ്പോൾ കണ്ട കാഴ്ചകൾ ആത്മാംശുവിനെ അമ്പരപ്പിച്ചു . തന്റെ കാഴ്ചകൾ ഒരു എക്സറെ പോലെ അവളുടെ വയറിനകത്തേക്ക്‌ കടൻനു . കുടൽമാലകൾ ഒരു പെരുമ്പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞിരിക്കുന്നു, അതിനുള്ളിൽ ഭക്ഷണാവിശിഷ്ട്ങ്ങൾ അടിഞ്ഞു കുടിയിരിക്കുന്നു . അവയുടെ മണം ആത്മാംശുവിന്റെ മനസ്സിനെ മടുപ്പിച്ചു . കുടൽമാലകൾക്ക്‌ ഉള്ളിലൂടെ ആത്മാംശുവിന്റെ കാഴ്ചകൾ അവളുടെ ഗർഭപാത്രത്തിലെത്തി . ഗർഭജലത്തിൽ കൂളിച്ച്‌ പൂർണ്ണവളർച്ചയെത്തിയ ഒരു കൂഞ്ഞ്‌ ശാന്തനായി ഉറങ്ങുന്നു . ഈ ഭൂമിയിൽ പിറവിയെടുത്ത്‌ ഒരായുഷ്കാലം കൊണ്ട്‌ ചെയ്ത്‌ തീർക്കേണ്ട കർമ്മങ്ങളെ കുറിച്ചറിയാതെ സ്വസ്ഥമായുറങ്ങുന്നു . ഈ സ്വസ്ഥത ഏത്‌ നിമിഷവും നഷ്ട്ട്പെട്ടേക്കാം . സൂക്ഷിച്ച്‌ നോക്കിയപ്പോൾ ആത്മാംശുവിന്‍‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല , ഗർഭാവസ്തയിലുള്ളത്‌ തന്റെ ജീവനായിരുന്നു . പിറവിക്കുമുൻപുള്ള തന്റെ പത്ത്‌ മാസങ്ങൾ . പെട്ടെന്ന് ഗർഭപാത്രത്തിൽനിന്നും ഒരു പ്രകാശം പുറത്തേക്ക്‌ വന്നു . അത്‌ ആത്മാംശുവിന്റെ ശരീരത്തിൽ പ്രവേശിച്ച്‌ അലിഞ്ഞ്‌ ചേർന്നിരിക്കുന്നു . അത്‌ വരെ ദീർഘസുഷുപ്തിയിലാ ണ്ട ആത്മാംശു ഞെട്ടിയുണർ ന്നു . പല മുഖങ്ങളും ആത്മാംശുവിന്റെ മനസ്സിലൂടെ കടന്നുപോയി . അവസാനം തൊട്ട്മുൻപ്‌ കണ്ട സ്വപ്നത്തിലുള്ള മുഖം കടന്നുവന്നു . അവൾ ആത്മാംശുവിനെ നോക്കി മൃദുലമായി പുഞ്ചിരിച്ചു . അവൾ അമ്മയായിരുന്നു , അവൾ മാത്രമല്ല എല്ലാവരും .