
തീവണ്ടി സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു , പ്ളേറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന പ്രകാശന്‍ ഏതോ ഉള്‍പ്രേരണയാല്‍ പിന്നിലേക്ക് നോക്കി . നിര്‍മ്മല, ! പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റ്റെ ഹ്രിദയത്തില്‍ പ്രണയവും, നൊമ്പരവുമായി നിന്ന അതെ നിര്‍മല . ഇവിടെ ...... എങ്ങിനേ ?. മനസ്സിനോട് ചോദ്യങ്ങള്‍ സ്വയം ചോദിച്ചു തുടങ്ങുമ്പോഴെക്കും വണ്ടി സ്റ്റേഷനില്‍ നിന്നിരുന്നു . അത് അവള്‍ തന്നെ അല്ലെ ? തിരിഞ്ഞ് നോക്കി ഉറപ്പുവരുത്തണമെന്ന് തോന്നിയെങ്കിലും ധൈര്യമുണ്ടായില്ല . പതിവുപോലെ തിരക്കിനിടയിലൂടെ വണ്ടിയില്‍ കയറുന്നതിനിടയ്ക്ക് നിര്‍മ്മല എവിടെയാണ് കയറുന്നതെന്ന് അവള്‍ കാണാതെ നോക്കി . താന്‍ കയറുന്ന കമ്പാര്‍ട്ട് മെന്‍റ്റിലെ ഒന്നാമത്തെ വാതിലില്‍ കൂടെ .......... യാത്രക്കാരുടെ ഇടയിലൂടെ മുന്‍പോട്ട് നടക്കുമ്പോള്‍ നിര്‍മ്മല എവിടെയാണെന്ന് പരതി നടന്ന പ്രകാശന്‍റ്റെ മുന്‍പില്‍ നിര്‍മ്മല . അവള്‍ പ്രകാശന്‍റ്റെ മുഖത്തേക്ക് നോക്കി , കണ്ണുകളില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ ക്കുമുന്‍പുകണ്ട അതേ തിളക്കം .
തന്നെ മനസ്സിലാട്ടുണ്ടാവുമൊ ? മറന്നുപോകാന്‍ വഴിയില്ല , അത്രയ്ക്ക് തീഷ്ണമായിരുന്നു തങ്ങളുടെ പ്രണയം . യാത്രക്കാര്‍ നിറഞ്ഞ ഇരിപ്പിടത്തിനിടയില്‍ ജനവാതിലിന് അഭിമുഖമായ് പുറത്തേക്ക് നോക്കിക്കൊണ്ട് നിര്‍മ്മല നില്‍ക്കുന്നു . ഒരു പക്ഷെ തന്നെ അഭിമുഖികരിക്കുന്നതിലുള്ള പ്രയാസ്സമായിരിക്കാം , അല്ലെങ്കില്‍ തന്നെ മനസ്സിലയിട്ടില്ലായിരിയ്ക്കാം .നിര്‍മ്മല പിന്നിലേക്ക് തിരിഞ്ഞ് നോക്കിയതെ ഇല്ല . വണ്ടി സ്റ്റേഷനില്‍ നിന്നും വീണ്ടും യാത്രതുടങ്ങിയിരിക്കുന്നു . തന്നെ അറിയുമൊ എന്ന് ചോദിക്കുവാന്‍ പ്രകാശന് തോന്നി , പക്ഷെ നിര്‍മലയുടെ പിറകില്‍ മറ്റു പലരും നില്‍ക്കുന്നുണ്ടായിരുന്നു . തൊട്ടടുത്താണ് നില്‍ക്കുന്നതെങ്കില്‍ എന്തെങ്കിലും ചോദീക്കാമായിരുന്നു . അടുത്തു പോയീ എന്തെങ്കിലും പറയാന്‍ പ്രകാശന് ജാള്യത തോനി . തങ്ങളുടെ പ്രണയകാലത്ത് , പ്രണയതീഷ്ണതയില്‍ പഞ്ഞതും,ചെയ്തതുമായ വിഡ്ഡിത്തങ്ങള്‍ പക്വതയുള്ള ഇന്നത്തെ മനസ്സിനെ ലജ്ജിപ്പിച്ചു . നിര്‍മലയുടെ രൂപത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല , രണ്ട് കുട്ടികളെ പ്രസവിച്ചു എന്നാരോ പറഞ്ഞറിഞ്ഞിരുന്നു . മൂത്തകുട്ടിക്കിപ്പോള്‍ പത്തു വയസ്സ് പ്രായമായിക്കണും
പ്രകാശന്‍റ്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് സഞ്ചരിച്ചു . ബിരുദ പഠനകാലത്ത് മനസ്സില്‍ പലരോടും സ്നേഹം തോന്നിയിരുന്നു . ക്ളാസ്സില്‍ വളരെ അടുത്ത് സൌഹ്രിദം കാണിച്ച റീത്തയോട് തന്‍റ്റെ പ്രണയം വെളിപെടുത്തിയപ്പോള്‍ , 'പ്രകാശനെ എനിക്ക് ഇഷ്ടമാണ് , പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരാളെ സ്നേഹിക്കുന്നുണ്ട് അല്ലെങ്കില്‍ തീര്‍ച്ചയായും പ്രകാശനെ സ്നേഹിച്ചേനെ' എന്ന റീത്തയുടെ വാക്കുകള്‍ പ്രകാശനെ വല്ലതെ വേദനിപ്പിച്ചിരുന്നു . കുറച്ചു ദിവസം മനസ്സില്‍ ആ വേദനയുമായ് നടന്നു . റീത്തയ്ക്ക് തന്നോട് പ്രണയമില്ലെങ്കില്‍ പിന്നെയെന്തിന് അവളോട് സംസാരിക്കണം . അതോടെ ആ സൌഹ്രിദം അവിടെ അവസാനിച്ചു . പിന്നീട് ജൂനിയറായ പ്രവീണയോട് ഇഷ്ടം തോന്നി . "ഞാനിത് നിനക്ക് തരുന്നത് നിന്നെ ഇഷ്ടപെടുന്നത് കൊണ്ടാണ്" എന്നെഴുതിയ ഒരു സമ്മാനം പ്രവീണയ്ക്ക് നല്‍കിയത് പിറ്റേദിവസം ക്ളാസ്സില്‍ കഷ്ണങ്ങളായ് പൊട്ടിച്ചിട്ടത് കാണ്ടപ്പോള്‍ വീണ്ടും പ്രണയതീരം തന്നില്‍നിന്നും അകന്നു പോകുന്നതായി പ്രകശന് തോന്നി . സുന്ദരനല്ലാത്തത് കൊണ്ടായിരിക്കാം തന്നെ ആരും ഇഷ്ടപെടാത്തത് .റീത്തയ്ക്ക് ആ കാമുകന്‍ ഇല്ലായിരുന്നെങ്കില്‍ അവള്‍ തന്നെ സ്നേഹിച്ചേനെ . ആരെങ്കിലും ഇഷ്ടപെട്ടെങ്കില്‍ എന്ന് പ്രകാശന്‍ വല്ലാതെ കൊതിച്ചിരുന്നു , പ്രണയത്തിന്‍റ്റെ ഊഷ്മളതയില്‍ അലിഞ്ഞ് ഒരു കാമുകനായി മാറാന്‍ പ്രകാശന്‍ കൊതിച്ചിരുന്നു . പ്രണയം എന്ന വികാരമായിരിക്കാം പ്രകാശനെ സിനിമകള്‍ കാണാന്‍ പ്രേരിപ്പിച്ചത് , സിനിമകളിലെ പ്രണയനായകനെ പോലെ താനും ആയിരുന്നെങ്കിലെന്ന് പ്രകാശന്‍ ആഗ്രഹിച്ചു . രാത്രികളില്‍ ഉറക്കമില്ലാതെ കിടക്കുമ്പോല്‍ പ്രകാശന്‍ മനസ്സില്‍ പലതും സങ്കല്‍പിക്കാറുണ്ടായിരുന്നു . സുന്ദരിയായൊരു പെണ്‍കുട്ടിയാല്‍ പ്രണയിക്കപെടുന്നതും, അവളെ സ്വന്തമാക്കുന്നതും..... അങ്ങനെ പലതും............ ആരും പ്രണയിക്കത്തത് പ്രകാശന് പിന്നീട് ഒരനുഗ്രഹമായിതോന്നി, അല്ലായിരുന്നെങ്കില്‍ കോളേജ് വിടപറയലില്‍ പ്രണയിനിയെ നഷ്ട്ടപ്പെട്ട വേദനയില്‍ പരീക്ഷകള്‍ തോറ്റേനെ . ദിവസങ്ങളും മാസങ്ങളും കടന്നുപോയി. പ്രണയവും, വേദനകളും, സൌഹ്രിദങ്ങളും നിറഞ്ഞ കാം പസ്സുകള്‍ മനസ്സിലെ ഓര്‍മ്മച്ചെപ്പുകളില്‍ സൂക്ഷിച്ച് ജീവിതമെന്ന പച്ചയായ യാഥാര്‍ത്ഥത്തിലേക്ക്.........
ഒരു പ്രൈവറ്റ് കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്‍റ്റായി പ്രകാശന്‍ തന്‍റ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു . പന്ത്രണ്ട് പേരുണ്ടായിരുന്ന ഓഫിസിലെ മിക്കവരും ഒരു എക്സ്പീരിയെന്‍സിനുവേണ്ടിയായിരുന്നു അവിടെ ജോലി ചെയ്തത് . പലരുടെയും ഇടത്തവളമായിരുന്ന അവിടെ പ്രകാശന് മുന്‍പും പ്രകാശന് ശേഷവും പലരും വരികയും പോവുകയും ചെയ്തിട്ടുണ്ട് . അങ്ങിനെ ഒരു ദിവസം നിര്‍മല വന്നു . നീല ചുരീദാറില്‍ നിര്‍മല സുന്ദരിയായിരുന്നു, കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു . പുതിയൊരാള്‍ എന്ന നിലയില്‍ എല്ലവരും നിര്‍മലയെ പരിചയപെടുന്നുണ്ടായിരുന്നു . പ്രകാശന് നിര്‍മലയെ പരിചയപെടാന്‍ എന്തോ ഒരപകര്‍ഷതാബോധം തോന്നി. എങ്കിലും നിര്‍മലയുടെ ചലനങ്ങള്‍ , കണ്ണുകള്‍ ഇടയ്ക്കിടെ പ്രകാശന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഒടുവില്‍ നിര്‍മല തന്നെ പ്രകാശനെ പരിചയപെട്ടു .അതു തന്നെയായിരുന്നു പ്രകാശന്‍ ആഗ്രഹിച്ചതും
'പേരെന്താ' ?
'പ്രകാശന്‍' .
'ഞാന്‍ നിര്‍മല' .
'എന്താ പഠിച്ചത്' ? പ്രകാശന്‍ ചോദിച്ചു .
'ബീക്കോം , പക്ഷെ പാസ്സയിട്ടില്ല , രണ്ട് പേപ്പറുകള്‍ കൂടി കിട്ടാനുണ്ട്' .
നിര്‍മലയ്ക്കായിരുന്നു ഓഫീസില്‍ ഏറ്റവും അഴകുണ്ടായിരുന്നത്, അതുകൊണ്ട് അഞ്ചുപേരടങ്ങുന്ന പുരുഷന്‍മാരുടെ ശ്രദ്ധയത്രയും നിര്‍മലയിലായിരുന്നു .ഓഫീസ് സമയങ്ങളില്‍ ഇടയ്ക്ക് ഓരോരുത്തരും നിര്‍മലയുമായി എന്തെങ്കിലും പറയും .പ്രകാശന്‍ വെറുതെ എന്തെങ്കിലും പറയാന്‍ മെനക്കെട്ടില്ല .എങ്ങനേയും നിര്‍മലയെ തന്‍റ്റെതു മാത്രമാക്കണമെന്നായിരുന്നു ചിന്ത .ഒടുക്കം പ്രകാശന്‍ തന്‍റ്റെ മനസ്സിനെ തുറന്നു വിട്ടു .പ്രകാശന്‍റ്റെ കവിത തുളുമ്പുന്ന സംഭാഷണങ്ങല്‍ ,ചേഷ്ടകള്‍ എല്ലം നിര്‍മലയ്ക്ക് നന്നെ ബോധിച്ചു. പ്രകാശനോടൊപ്പം കൂടുതല്‍ സംസാരിക്കന്‍ നിര്‍മല താല്‍പര്യം കാണിച്ചു. പ്രകാശന് തന്നോട് ഇഷ്ടമുണ്ടെന്ന് നിര്‍മലയ്ക്ക് തോന്നി. ഓഫീസ് സമയങ്ങളില്‍ നിര്‍മല ഇടയ്ക്കിടെ പ്രകാശനെ നോക്കാറുണ്ടായിരുന്നു, അപ്പോള്‍ നിര്‍മലയുടെ കണ്ണുകള്‍ക്ക് തിളക്കം കൂടുന്നതായി പ്രകാശന് തോന്നി . ഒടുവില്‍ എന്തും വരട്ടെ എന്ന് തീരുമാനിച്ചുകൊണ്ട് പ്രകാശന്‍ ഒരു തുണ്ട് പേപ്പറില്‍ നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്നെഴുതി ആരും കാണാതെ നിര്‍മലയ്ക്ക് കൊടുത്തു .അന്ന് ജോലി ചെയ്യാന്‍ പ്രകാശന് സാധിച്ചില്ല , പേപ്പറില്‍ എന്തൊക്കെയൊ വെറുതെ കുത്തികുറിച്ചുകൊണ്ടിരുന്നു, വയറ്റിനുള്ളില്‍ നിന്നും എന്തൊ ഒരസ്വസ്ഥത . ഓഫീസ് വിട്ട് പുറത്തിറങ്ങിയപ്പോള്‍ നിര്‍മലയും ഒപ്പമുണ്ടായിരുന്നു . പ്രകാശന്‍ കൊടുത്ത തുണ്ട് കടലാസ്സിനെ പറ്റി നിര്‍മല സംസാരിച്ചു .
'നമ്മള്‍ ഇഷ്ടപെട്ടത് കൊണ്ടെന്താ കാര്യം'?
'നിര്‍മല ആരോടും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല' .
'അതുകൊണ്ടെന്താ കാര്യം ? നമ്മള്‍ക്ക് ഒരിക്കലും ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല' . നിര്‍മല വളരെ പ്രാക്ടിക്കലായി സംസാരിച്ചു . 'നമ്മള്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ നമുക്ക് ഒരിക്കലും കല്ല്യാണം കഴിച്ച് ജീവിക്കന്‍ പറ്റില്ല ,നമ്മളെ ആരും അംഗീകരിക്കില്ല പിന്നെ വെറുതെ എന്തിന് സ്നേഹിക്കണം ,ജീവിതത്തില്‍ ഒരാളെ മാത്രമേ ഞാന്‍ സ്നേഹിക്കുകയുള്ളു' .
പക്ഷെ വീണ്ടും ഒരു പ്രണയനഷ്ടം കൂടി പ്രകാശന് തങ്ങാനാവുന്നതായിരുന്നില്ല . പ്രകാശനെ നിര്‍മലയ്ക്ക് ഇഷ്ടമായിരുന്നു എന്നത് സത്യം . പക്ഷെ വെറുതെയുള്ള പ്രണയം ...... പ്രകാശന്‍ നിര്‍മലയില്‍ നിന്നും അകലാന്‍ ശ്രമിച്ചത് നിര്‍മലയുടെ മനസ്സിനേയും വേദനിപ്പിച്ചിരുന്നു . ഒടുവില്‍ പ്രകാശന്‍ തന്നെയൊരു നീര്‍ദേശം വെച്ചു . നിര്‍മല എത്രകാലം ഇവിടെ ജോലി ചെയ്യുന്നുവോ അതുവരെ നമുക്ക് പ്രണയിക്കം . ഒടുവില്‍ മനസ്സില്ലാമനസ്സോടെ നിര്‍മല സമ്മതിച്ചു അല്ലെങ്കില്‍ പ്രകാശന്‍ തന്നോട് സംസാരിക്കില്ല എന്ന് നിര്‍മലയ്ക്ക് അറിയാമായിരുന്നു .അങ്ങനെ പ്രകാശനും ആദ്യമായി പ്രണയിക്കപെട്ടു . അന്നുമുതല്‍ പ്രകാശന്‍റ്റെ ചിന്തകളില്‍ മുഴുവനും നിര്‍മലയായിരുന്നു .ഒരു ദിവസം പോലും ലീവെടുത്തിരുന്നില്ല , പൊതു അവധികള്‍ ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്ന് പ്രകാശന്‍ ആഗ്രഹിച്ചു .പക്ഷെ പ്രകാശന്‍റ്റെ ആദ്യപ്രണയം അധികം നീണ്ടുനിന്നില്ല . നിര്‍മലയുടെ കല്ല്യാണം ഉറപ്പിച്ചു .മദിരാശിയിലെ താംബാരത്തുള്ള ഒരു ചെറുപ്പക്കാരനുമായി , അവിടെ ഏതോ ഒരു കമ്പിനിയിലെ ഉദ്ദ്യോഗസ്ഥനായിരുന്നു അയാള്‍ . പ്രകാശന്‍റ്റെ ഹ്രിദയത്തില്‍ പെരുമഴ പെയ്തു , തോരാതെ ശക്തിയായ് പെയ്തുകൊണ്ടിരുന്നു .നിര്‍മലയ്ക്ക് തന്നെ വിട്ടുപിരിയുന്നതില്‍ അത്ര സങ്കടമുള്ളതായി പ്രകാശന് തോന്നിയില്ല .ഒരു പക്ഷെ വേറൊരാള്‍ അവളുടെ ജീവിതത്തില്‍ വരുന്നത് കൊണ്ടായിരിക്കാം .
'ഇനി എപ്പോഴെങ്കിലും നമ്മള്‍ കാണുമോ'?
'ഇല്ല'
'എപ്പോഴെങ്കിലും കണ്ടാല്‍ എന്നോട് സംസാരിക്കുമോ' ?
'പ്രകാശനെ ഇനി ഒരിക്കലും കാണരുതെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് '
അങ്ങനെ തണുപ്പുള്ള ഒരു ഡിസമ്പറില്‍ നിര്‍മലയുടെ കുടുംബജീവിതം തുടങ്ങി . നിര്‍മല താംബാരത്തുള്ള വീട്ടില്‍ അവളുടെ ഭര്‍ത്താവുമായി സുഖജീവിതം തുടങ്ങിയിട്ടുണ്ടാകും എന്ന ചിന്ത പ്രകാശനെ ഭ്രാന്തനാക്കി . ആ ദിവസങ്ങള്‍ പ്രകാശന്‍ അതിജീവിച്ചത് ആയുസ്സിണ്റ്റെ ബലം കൊണ്ടുമാത്രമായിരുന്നു .ഭൂപടത്തില്‍ തമിഴ്നാട് എവിടെയാണെന്നും , താംബാരം എവിടെയാണെന്നും പ്രകാശന്‍ പരതി . ഒരു പക്ഷെ നിര്‍മലയോടുള്ള സ്നേഹമായിരിക്കം പകാശനെ തമിഴ്നാടിനെ ഇഷ്ടപെടാന്‍ പ്രേരിപ്പിച്ചത് . ദിവസങ്ങളും മാസങ്ങളും കടന്നുപോയി ,പ്രകാശന്‍റ്റെ മനസ്സില്‍ നിന്നും നിര്‍മല പതുക്കെ പതുക്കെ മായാന്‍ തുടങ്ങിയിരിക്കുന്നു .പിന്നീട് പ്രകാശന്‍ പ്രണയത്തെ കുറിച്ചാലോചിച്ചത് കേവലം ഒരു വിഡ്ഡിത്തമായിട്ടായിരുന്നു . പ്രണയവിരഹത്തില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നാതിരുന്നത് തന്‍റ്റെ ഭാഗ്യം ,അല്ലായിരുന്നെങ്കില്‍ പ്രണയമെന്ന ശുദ്ധ വിഡ്ഡിത്തത്തില്‍ തന്‍റ്റെ മനോഹരമായ ജന്‍മം പാഴായിപോയെനെ .......പ്രകാശനിന്ന് ഒരു പൊതുമേഖലാബേങ്കിലെ അസിസ്റ്റണ്റ്റ് മാനേജരാണ് .വിവാഹം കഴിഞ്ഞ് അച്ചനായിരിക്കുന്നു .ജീവിതമെന്ന സുന്ദരമായ വാക്കിന് അര്‍ഥം നല്‍കുന്നതില്‍ പ്രകാശന്‍ വിജയിച്ചിരിക്കുന്നു .പ്രണയമെന്നത് കേവലം ഒരു ബാലിശചിന്തയാണെന്ന് പ്രകാശന് തോന്നിയിരിക്കുന്നു . ഇന്ന് പ്രണയിക്കുന്നവരെ കാണുമ്പോള്‍ പ്രകാശന് മനസിനുള്ളില്‍ അറിയാതെ ചിരിവരും , സിനിമകളോട് പ്രകാശന് ഇന്ന് താല്‍പര്യം കുറഞ്ഞിരിക്കുന്നു .
പുതിയ ഉയരങ്ങളില്‍ എത്താനുള്ള പ്രകാശന്‍റ്റെ തിരക്കിനിടയിലായിരുന്നു നിര്‍മലയെ നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നത് .വണ്ടി സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുകയാണ് , എന്തും വരട്ടെ നിര്‍മലയോട് സംസാരിക്കുക തന്നെ . പ്രകാശന്‍ തീരുമാനിച്ചു . യാത്രക്കാര്‍ വരിവരിയായി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ നിര്‍മലയുടെ പിന്നില്‍ നിന്ന പ്രകാശന്‍ ചോദിച്ചു .
'എന്നെ അറിയാമൊ' ?
നിര്‍മല മുഖം തിരിച്ച് പ്രകാശനെ നോക്കി , അറിയാത്തതുപോലെ . 'ആരാ' ?
'എന്നെ മനസ്സിലായില്ലെ' ?
'ഇല്ല' . 'ശരി , എന്നാല്‍ പോകട്ടെ' .
'ആരാണെന്ന് പറയൂ' .
'എന്നെ മനസ്സിലായില്ലെങ്കില്‍ അങ്ങനെ തന്നെ ഇരിക്കട്ടെ' .
നിര്‍മല കുറച്ചു നേരം പ്രകാശനെ നോക്കി . 'പ്രകാശനാ' ....
'അതെ' കണ്ണുകളില്‍ വീണ്ടും ആ പഴയ തിളക്കം പ്രകാശന്‍ കണ്ടു .
'ഇവിടെ എന്താ' ?
'ഇവിടെ ഒരു ട്രെയിനിങ്ങ് ഉണ്ടായിരുന്നു' .
'പ്രകാശനെന്താ ഇവിടെ' ?
'ഞാന്‍ ഇവിടെയാണ് ജോലിചെയ്യുന്നത്'
'എവിടെ' ?
'ബേങ്കില്‍' .
'ഏത് ബേങ്കില്‍' ?
'എസ് ബി ടി യില്‍'.
കൂടുതെലെന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് നിര്‍മലയുടെ കൂട്ടുകാരി ആളൊഴിഞ്ഞ വാതിലിലൂടെ പോകാന്‍ നിര്‍മലയെ വിളിച്ചു . 'പിന്നെ കാണാം' . നിര്‍മല യാത്രപറഞ്ഞു . വണ്ടി ഇറങ്ങി പ്ളേറ്റ്ഫോമിലിരുന്ന പ്രകാശന്‍ ചിന്തിക്കുകയായിരുന്നു .ഒരിക്കലും കാണാന്‍ സാധിക്കുകയില്ലെന്ന് വിചാരിച്ചതും , ഒരിക്കലും കാണരുതെന്ന് നിര്‍മല പ്രാര്‍ഥിച്ചതുമാണ് . എന്തു പറയാം വീണ്ടും കണ്ടുമുട്ടുക എന്നത് വിധികല്‍പിതമായിരിക്കാം ..............