2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

താജ്‌ നീയെത്ര സുന്ദരി

താജ്‌ മഹലിനെ സുന്ദരിയെന്ന്‌ വിളിക്കാമോ എന്നറിയില്ല , എങ്കിലും ഷാജഹാന്‍ ഭാര്യയായ മുംതാസിന്‍റ്റെ ഓര്‍മയ്ക്കായ്‌ പണികഴിപ്പിച്ചതും മുംതാസിന്‍റ്റെ ഭൌതികശരീരം അടക്കം ചെയ്തിട്ടുള്ളതുമായ വെണ്ണക്കല്ലില്‍ യമുന നദിയുടെ തീരത്ത്‌ പണിതുയര്‍ത്തിയ സ്നേഹകുടീരത്തെ ഒരു സ്ത്രീയായി സങ്കല്‍പിക്കാനാണ്‌ എനിക്കിഷ്ടം . വര്‍ഷങ്ങളായി ചിത്രങ്ങളിലൂടെയും , പുസ്തകങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ താജ്‌ മഹല്‍ നേരിട്ട്കാണുക എന്ന ഭാഗ്യം ഈയടുത്താണ്‌ എനിക്ക്‌ കൈവന്നത്‌ .

പ്രധാനകവാടത്തിലൂടെ ഉള്ളിലേക്ക്‌ പ്രവേശിച്ചാല്‍ മുന്നില്‍ പ്രത്യക്ഷമാകുന്ന താജ്‌ മഹല്‍ മനസ്സിനെ കുളിരണിയിക്കുന്നതും , കണ്ണിനെ അത്ഭുതപരതന്ത്രമാക്കുന്നതുമാണ്‌ . പ്രധാനകവാടത്തില്‍നിന്നും കുറച്ചകലയായ്‌ സ്ഥിതിചെയ്യുന്ന താജ്‌ മഹലിന്‍റ്റെ സൌന്ദര്യം കണ്ണുകളില്‍ ആവാഹിച്ച്‌ കുറച്ച്‌ നേരം അവിടെ നിന്നപ്പോള്‍ മണ്‍മറഞ്ഞ്പോയ മുഗള്‍ചക്രവര്‍ത്തിമാരെ കുറിച്ചും അവര്‍ ജീവിച്ച കാലഘട്ടത്തെ കുറിച്ചും പലതും ഓര്‍ത്തുപോയി . ഷാജഹാന്‍ ചക്രവര്‍ത്തിയുടെ രണ്ടാമത്തെ ഭാര്യയായ മുംതാസ്‌ പതിനാലാമത്തെ കുഞ്ഞിന്‌ ജന്‍മം നല്‍കുന്ന വേളയില്‍ മരണപെട്ടത്‌ ഷാജഹാനെ അതീവ ദു:ഖിതനാക്കിയിരുന്നു , തന്‍റ്റെ പ്രിയതമയുടെ ഓര്‍മയ്ക്ക്‌ നീണ്ട ഇരുപത്തിരണ്ട്‌ വര്‍ഷം ഇരുപതിനായിരത്തോളം പേര്‍ കഠിനാദ്ധ്വാനം ചെയ്ത്‌ പണിതീര്‍ത്ത ശവകുടീരം ലോകസപ്താത്ഭുദങ്ങളില്‍ ഒന്നായിതീര്‍ന്നതില്‍ ഒരു തര്‍ക്കത്തിനും അവസരമില്ല . അത്രയ്‌ക്കും മനോഹരിയായിരുന്നു താജ്‌ .

പതിനെട്ട്‌ വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ , മരണസമയത്ത്‌ ഷാജഹാന്‍ മുംതാസിനോട്‌ പറഞ്ഞു "ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെന്ന്‌ എങ്ങനെ നിന്നെ വിശ്വസിപ്പിക്കും" . മറുപടിയായി മുംതാസ്‌ മഹല്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു ."വീണ്ടും താങ്കള്‍ വിവാഹം കഴിക്കാതിരിക്കുക , മക്കളെ ശ്രധ്ദിക്കുക". ചരിത്രകാരന്‍മാര്‍ പലതും പറഞ്ഞിട്ടുണ്ട്‌ , വാസ്തവം എന്തെന്ന്‌ ആര്‍ക്കറിയാം . ആഗ്ര സന്ദര്‍ശനവേളയില്‍ ടൂറിസ്റ്റ്‌ ഗൈഡുകളില്‍നിന്നും മുഗള്‍ ചക്രവര്‍ത്തിമാരെ കുറിച്ചറിഞ്ഞതില്‍ കൂടുതലും സ്ത്രീകളോടുള്ള അവരുടെ അഭിനിവേശവും , വൈന്‍ പോലുള്ള ലഹരികളോടുള്ള ആസക്തിയെകുറിച്ചുമായിരുന്നു . ആഗ്ര ഫോര്‍ട്ടിലുള്ള 'മീനാബസാറില്‍' മാസത്തില്‍ ഒരിക്കല്‍ മാത്രം രാജകുടുംബത്തിലുള്ളതും കുലീനയായ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്നതുമായ വാങ്ങല്‍ വില്‍പന മേളയില്‍ പുരുഷന്‍മാര്‍ക്കാര്‍ക്കും തന്നെ പ്രവേശനമില്ലെങ്കിലും മഹാനായ അക്ബര്‍ ചക്രവര്‍ത്തി വേഷ പ്രച്ചന്നനായി ബസാറിലുണ്ടാവും , അങ്ങനെ അവിടെയുള്ള സ്ത്രീകളുടെ സൌന്ദര്യം ആസ്വദിക്കുകയും ഇഷ്ടപെട്ടവരെ സ്വന്തമാക്കുകയും ചെയ്യുമായിരുന്നു . അതുകൊണ്ട്‌ രജപുത്രര്‍ തങ്ങളുടെ പെണ്ണുങ്ങളെയും പെണ്‍കുട്ടികളെയും 'മീനാബസാറില്‍' അയക്കാറില്ലായിരുന്നുവത്രെ .

സ്ത്രീകളെ യഥേഷ്ടം സ്വന്തമാക്കാന്‍ കഴിയുന്ന മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന ഷാജഹാന്‌ എങ്ങനെ മുംതാസ്‌ മഹലിനോട്‌ മാത്രം ഇത്രയും സ്നേഹം തോന്നി , ഒരുപക്ഷെ താജ്‌ മഹല്‍ മുംതാസിന്‍റ്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചതിനാല്‍ ചരിത്രകാരന്‍മാര്‍ മുംതാസിനെ ഷാജഹാന്‍ അത്രയധികം പ്രണയിച്ചിട്ടുണ്ടെന്ന്‌ കരുതിയതായിരിക്കുമോ ? . നാല്‍പത്തിയൊന്നാം വയസ്സിലാണ്‌ ഷാജഹാന്‍ താജ്‌ മഹല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌ . പ്രധാന കെട്ടിടം പതിനേഴ്‌ വര്‍ഷം കൊണ്ടും ചുറ്റുമുള്ളവ വീണ്ടും അഞ്ച്‌ വര്‍ഷം കൊണ്ട്‌ പണിതതുമാണ്‌ . ഈ കാലമത്രയും ഷാജഹാന്‍ മുംതാസിനോടൂള്ള സ്നേഹം മനസ്സില്‍ സൂക്ഷിച്ച്‌ നടക്കുക എന്നത്‌ എനിക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു . കാരണം സ്ത്രീകള്‍ മുഗളന്‍മാരെ സംബന്ധിച്ചിടത്തോളം സുലഭമായിരുന്നു .
കെട്ടിടങ്ങള്‍ , കൊട്ടാരങ്ങള്‍ , മണിമാളികകള്‍ , സ്മാരകങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ ഷാജഹാന്‍ അതീവതല്‍പരനായിരുന്നു . അക്കൂട്ടത്തില്‍ മുംതാസിന്‍റ്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ച താജ്‌ മഹലിനെ ചരിത്രകാരന്‍മാരും , കവികളും , കഥാകാരന്‍മാരും ഷാജഹാന്‌ മുംതാസിനോടുള്ള "തീവ്രപ്രണയത്തിന്‍റ്റെ" സ്മാരകമായി വിശേഷിപ്പിച്ചതായിരിക്കാം . എന്തുതന്നെയാകട്ടെ , ലോകത്തിലെ എഴ്‌ അത്ഭുതങ്ങളില്‍ ഒന്ന്‌ ഇന്ത്യയിലാണെന്നതില്‍ നമുക്ക്‌ അഭിമാനിക്കാം , ഒപ്പം ടൂറിസം വഴി നമ്മുടെ രാജ്യത്തിന്‌ ലഭിക്കുന്ന വിദേശവരുമാനത്തില്‍ നമുക്ക്‌ സന്തോഷിക്കാം .